ദുബൈ: വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മലബാർ ഗ്രൂപ് നടപ്പാക്കിവരുന്ന ‘ഹംഗർ-ഫ്രീ വേൾഡ്’ പദ്ധതി കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായുള്ള വിപുലീകരണ പരിപാടിക്ക് തുടക്കമായി. പദ്ധതി പ്രകാരം ദിനംപ്രതി 31,000 പേർക്ക് പോഷകസമൃദ്ധമായ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യത്തെ പിന്തുണച്ചുകൊണ്ട് ആരംഭിച്ച ഈ പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി വരും വർഷം പ്രതിദിനം 51,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും.
വിപുലീകരണത്തിന്റെ ഉദ്ഘാടനം മേയ് 28ന് ആഗോള വിശപ്പുദിനത്തിൽ മലബാർ ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള നിർവഹിച്ചു. ചടങ്ങിൽ മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് അധ്യക്ഷതവഹിച്ചു. ഹംഗർ ഫ്രീ വേൾഡ് ഡൊണേഷൻ പേമെന്റ് ഗേറ്റ് വേ പി.ടി.എ. റഹീം എം.എൽ.എ അനാച്ഛാദനം ചെയ്തു.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു. ഐ.പി.ആർ.എച്ച് ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റ് പ്രോജക്ട് ഹെഡ് ഡോ. ബാസിത്ത് വടക്കയിൽ ‘ഹംഗർ ഫ്രീ വേൾഡ്’ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പി.കെ. ഗ്രൂപ് ചെയർമാൻ പി.കെ. അഹമ്മദ്, മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ എന്നിവർ ആശംസ പ്രസംഗം നടത്തി. മലബാർ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ.പി. വീരാൻകുട്ടി ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.