ഷാർജ: സ്വാതന്ത്ര്യ സമരത്തിൽ രക്തസാക്ഷികളായ, വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ ഉൾപ്പടെയുള്ള പോരാളികളുടെ പേരുകൾ ചരിത്രത്തിൽനിന്ന് വെട്ടിമാറ്റുമ്പോൾ അവരുടെ പോരാട്ട വീര്യവും ദേശ സ്നേഹവും മാപ്പിളപ്പാട്ടിൽ കോർത്തിണക്കുകയാണ് പ്രവാസിയും ഗാനരചയിതാവുമായ നസറുദ്ദീൻ മണ്ണാർക്കാട്. വരും തലമുറക്കായി മാപ്പിളപ്പാട്ടിലൂടെ ഈ പേരുകൾ നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് രക്തസാക്ഷികളുടെ മാലപ്പാട്ട് തയാറാക്കുന്നതെന്ന് നസറുദ്ദീൻ പറഞ്ഞു. മാപ്പിളപ്പാട്ടിെൻറ പരമ്പരാഗത ഇശലുകളുടെ തനിമ ചോരാതെ കമ്പി, കഴുത്ത്, വാൽ, വാലുമ്മൽ കമ്പി എന്നീ നിയമങ്ങൾ പാലിച്ചുകൊണ്ടാണ് മാലകോർക്കുന്നത്. 387 പേരുടെയും പേരുകൾ അക്ഷരമാലാ ക്രമത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രാർഥനയിൽ തുടങ്ങി പ്രാർഥനയോടെ അവസാനിക്കുന്ന പരമ്പരാഗത രീതിയിൽ തന്നെയാണ് മാലപ്പാട്ട് തയാറാക്കിയിരിക്കുന്നത്:
'ആദി പെരിയോെൻറ തിരുനാമം മൊളിന്ത് ഞാൻ പാടി തുടങ്ങട്ടെ യാ അല്ലാഹ്
ആലം അടങ്കലും അജബുകൾ അമയ്ത്തോന് എല്ലാ സ്തുതികളും നിനക്കല്ലാഹ്
വേദ പൊരുളുകൾ സകലതും വിരുത്തിയ ദൂതർ മുഹമ്മദ് നബിയുല്ലാഹ്
വാദി ബദറിലെ അടർക്കളം പിടിത്തോരാം ഓതി സ്വലവാത്ത് സലാമുല്ലാഹ്'
എന്ന ആദ്യ ഇശലിൽ തുടങ്ങുന്ന മാലപ്പാട്ട് രണ്ടാമത്തെ ഇശലിലൂടെ പേരുകളിലേക്ക് പ്രവേശിക്കുകയാണ്. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും പേരുകൾ കൊണ്ടാണ് മാലപ്പാട്ട് ആരംഭിക്കുന്നത്.
'കനിന്ത ബൈത്തിൽ ഉരത്തിടട്ടെ കരുത്തരുടെ ഇസ്മ്
കൈ മശക്കം പൊറുത്തിടല്ലാഹ് അധികമില്ല ഇൽമ്
കനത്തിൽ ആദ്യം കുറിത്ത് പേര് വാരിയൻകുന്നത്തജബ്
കരുത്ത് കണ്ട് വിറച്ചു പണ്ട് പടക്കളത്തിൽ അദുവ്വ്
മനസ്സിൽ ആലി മുസ്ലിയാരുടെ തിളക്കമേറും വജ്ഹ്
മഹിയിൽ മുത്ത് മയങ്ങുവോളം അദുവ്വിലില്ലാ സുലുഹ്
നിനവിലുണ്ടേ പിരിശമേറും കുമരംപുത്തൂർ സീതി
നയിച്ചു പട ചടു ചടുലം പൊരുതിടുന്ന രീതി'...
വൈകാതെ തന്നെ ഈ മാലപ്പാട്ട് വെളിച്ചം കാണിക്കാനാണ് ശ്രമം. മലബാറിലെ മാപ്പിള സംസ്കൃതിയുമായി ബന്ധപ്പെട്ട നസറുദ്ദീെൻറ മൂന്നാത്തെ കൃതിയാണിത്. ആദ്യകൃതിയായ കുഞ്ഞാലി മരയ്ക്കാർ പടപ്പാട്ട് 110 ഇശലുകളിലും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം സമ്പൂർണമായി മാപ്പിളപ്പാട്ടിലൂടെ വിവരിക്കുന്ന വാരിയൻകുന്നത്ത് സീറപ്പാട്ട് 440 വരികളിലും പൂർത്തിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.