മലയാളം മിഷന് സംരംഭമായ കുട്ടി മലയാളം ക്ലബുകള്‍ മാതൃഭാഷയുടെ മധുരം വിതറി യു.എ.ഇയിലും സജീവമാകുന്നു. ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലാണ് മലയാളം മിഷന് കീഴില്‍ പ്രവാസ ലോകത്തെ ആദ്യ മലയാളം മിഷന് കുട്ടി മലയാളം ക്ലബ് രൂപവത്കരിച്ചത്. റാസല്‍ഖൈമയില്‍ രണ്ട് സ്കൂളുകളിലും അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ ഓരോ സ്കൂളുകളിലുമാണ് കുട്ടി മലയാളം ക്ലബുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളി’ എന്ന മുദ്രാവാക്യം അന്വര്‍ഥമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് മലയാളം മിഷനെ ശ്രദ്ധേയമാക്കുന്നത്.
ഭാഷ മരിക്കുന്നു, വായന മരിക്കുന്നു തുടങ്ങിയ പതിവ് പരിദേവനങ്ങള്ക്കുമപ്പുറം മാതൃ ഭാഷ തെളിമയോടെ പുതുതലമുറകളില്‍ കരുപിടിപ്പിക്കുകയെന്ന മലയാളം മിഷന്റെ ക്രിയാത്മക ചുവടുവെപ്പായാണ് കുട്ടി മലയാളം ക്ലബ് എന്ന ആശയം വിലയിരുത്തപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിലും ഗള്‍ഫ് അടങ്ങുന്ന വിദേശ രാജ്യങ്ങളിലുമുള്ളവരില് മാതൃഭാഷാ സ്നേഹം പ്രോജ്വലിപ്പിക്കുക, വിദേശ സംസ്കാരത്തോട് ഇടകലരുമ്പോഴും തങ്ങളുടെ സ്വത്വം പറയാന്‍ ആര്‍ജവമുള്ളവരാക്കി കുട്ടികളെ വളര്‍ത്തുക തുടങ്ങി മലയാള സംസ്കൃതിയുടെ വിളംബരമാണ് മലയാളം മിഷന് പദ്ധതി.
വാക്കുകളിലൂടെയും വരകളിലൂടെയും നാടന്‍ പാട്ടുകളിലുടെയും കഥ പറച്ചിലുകളിലൂടെയുമാണ് മലയാള ശ്രേഷ്ഠ ഭാഷയുടെ മധുരം കുട്ടികളിലത്തെിക്കുന്നത്. ആഴ്ച്ചയില്‍ ഒരു ദിവസം 45 മിനിറ്റ് ദൈര്‍ഘ്യം മാത്രമുള്ളതാണ് ക്ലാസുകള്‍. മലയാളം മിഷന് പാഠ്യ പദ്ധതി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ലഭിക്കുന്ന സാക്ഷ്യപത്രം സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതിന് മലയാളം ഭാഷാ പഠനം വേണമെന്ന കടമ്പ കടക്കുന്നതിന് സഹായകമാണ്.
ഇതിനനുബന്ധമായി നാട്ടു നന്മകളും മലയാളിയുടെ ഗ്രാമീണ കാഴ്ച്ചകളും പ്രവാസ ലോകത്ത് വരുന്ന കുട്ടികള്‍ക്കും അനുഭവഭേദ്യമാക്കുയെന്നതാണ് കുട്ടി മലയാളം ക്ലബുകളിലൂടെ ലക്ഷ്യമിടുന്നത്. സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധി, സ്കൂള്‍ പ്രിന്‍സിപ്പല്‍, ഭാഷാ അധ്യാപിക, വിദ്യാര്‍ഥി പ്രതിനിധി, മലയാളം മിഷന് അംഗം തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ബോഡിയാണ് കുട്ടി മലയാളം ക്ലബുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.