ദുബൈ: കുട്ടികളുടെ പ്രവേശനോത്സവ മാതൃകയിൽ പുതിയ അധ്യാപകർക്കും പ്രവേശനോത്സവം ഒരുക്കി മലയാളം മിഷൻ ദുബൈ ചാപ്റ്റർ. പുതുതായി കടന്നുവന്നവരെ പാട്ടും കവിതയും കളികളും നിറഞ്ഞ പഠന പ്രവർത്തനങ്ങളിലൂടെ സ്വാഗതം ചെയ്തുകൊണ്ട് പാഠ്യ പദ്ധതി പരിചയപ്പെടുത്തി മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി പരിപാടി ഉദ്ഘാടനം ചെയ്തു.
ജോയന്റ് സെക്രട്ടറി അംബുജം സതീഷ് സ്വാഗതം പറഞ്ഞു. ചെയർമാൻ ദിലീപ് സി.എൻ.എൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് തോപ്പിൽ, റെവാഖ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധി അജ്മൽ, ചാപ്റ്റർ പ്രസിഡന്റ് സോണിയ, കൺവീനർ ഫിറോസിയ എന്നിവർ സംസാരിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി മലയാളം മിഷൻ സർട്ടിഫിക്കറ്റ് കോഴ്സായ കണിക്കൊന്ന പാഠപുസ്തകം അരുണിമക്കും അധ്യാപകരുടെ പരിശീലന പഠനപ്രവർത്തനങ്ങൾ മാഗസിൻ രൂപത്തിലാക്കി സുറൂർ എന്ന പേരിൽ പുതിയ അധ്യാപിക നൈമക്കും കൈമാറി.
നാലു കോഴ്സുകളിലേക്കുമായി തയാറാക്കിയ പാഠാസൂത്രണരേഖ ദുബൈ ചാപ്റ്റർ ഭാരവാഹികൾക്ക് കൈമാറിയാണ് പരിശീലന പരിപാടിക്ക് സമാപനംകുറിച്ചത്. ആദ്യ പരിശീലന ദിനമായ ശനിയാഴ്ച സീനിയർ അധ്യാപകർക്കുള്ള സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി പരിശീലനങ്ങളാണ് നടന്നത്. മലയാളം മിഷൻ ഭാഷാധ്യാപകനായ സതീഷ് കുമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സാമ്പ്രദായിക അധ്യാപനരീതിയിൽനിന്ന് വ്യത്യസ്തമായ പുതുക്കിയ ഭാഷാധ്യാപന സമീപനമാണ് മലയാളം മിഷൻ സ്വീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.