ദുബൈ: ലോകത്തെവിടെ പോയാലും മലയാളികൾ ആദ്യം തിരയുക മലയാളിയെതന്നെയായിരിക്കും. ഐ.എസ്.എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് പോലെ ആവേശത്തോടെ വിളിച്ചു പറയാൻ കേരള ടീം ഇല്ലെങ്കിലും നമുക്ക് അഭിമാനിക്കാൻ അഞ്ച് മലയാളി താരങ്ങൾ യു.എ.ഇയിൽ കളത്തിലിറങ്ങുന്നുണ്ട്. ദേശീയ ക്രിക്കറ്റിലേക്ക് കേരളത്തിെൻറ പ്രതീക്ഷയായ സഞ്ജു സാംസൺ, രഞ്ജിയിൽ കേരളത്തിെൻറ നെടുംതൂണായ ബേസിൽ തമ്പി, എതിരാളികളുടെ മുനയൊടിക്കുന്ന സന്ദീപ് വാര്യർ, ഫുട്ബാളിെൻറ മണ്ണായ മലപ്പുറത്തുനിന്നുദിച്ചുയർന്ന കെ.എം. ആസിഫ്, പാതിമലയാളിയായ കരുൺ നായർ... വിരലിലെണ്ണാവുന്ന താരങ്ങൾ മാത്രമാണ് ഐ.പി.എല്ലിൽ കേരളത്തിെൻറ സംഭാവനയെങ്കിലും ഇവർ നേരിടുന്ന ഓരോ പന്തും ആകാംക്ഷയോടെയാണ് മലയാളികൾ നോക്കിക്കാണുന്നത്.
ഇന്ത്യൻ ടീമിെൻറ പടിവാതുക്കൽ കാത്തുനിൽക്കാൻ വിധിക്കപ്പെട്ട താരമാണ് സഞ്ജു സാംസൺ. അഞ്ച് വർഷമായി ദേശീയ ടീമിനൊപ്പമുണ്ടെങ്കിലും ഇന്ത്യൻ ജഴ്സിയിൽ ബാറ്റേന്താൻ അവസരം ലഭിച്ചത് നാല് കളിയിൽ മാത്രം. ബാക്കിയെല്ലാം സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം. എം.എസ്. ധോണി സ്ഥാനമൊഴിഞ്ഞതോടെ ഒഴിവുവന്ന വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളിൽ മുൻപന്തിയിലുണ്ട് സഞ്ജു. അതിലേക്കുള്ള പരീക്ഷാ കാലം കൂടിയാണ് സഞ്ജുവിന് ഈ ഐ.പി.എൽ. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനായി 12 മത്സരത്തിൽ സെഞ്ച്വറി അടക്കം 342 റൺസ് നേടിയിരുന്നു. ഓപണിങ് മുതൽ ഏത് പൊസിഷനിലും കളിക്കാൻ സന്നദ്ധനാണ്. 2018ലും 15 മത്സരത്തിൽ 441 റൺസെടുത്തിരുന്നു.
സഞ്ജു കഴിഞ്ഞാൽ കേരളം ഏറ്റവും പ്രതീക്ഷയോടെ നോക്കുന്നത് ബേസിൽ തമ്പിയിലേക്കാണ്. കഴിഞ്ഞ രഞ്ജി സീസണിൽ കേരളത്തെ കൈപിടിച്ചുയർത്തിയത് ബേസിലിെൻറ കൂടി പ്രകടനമായിരുന്നു. 2017ൽ ഗുജറാത്ത് ലയൺസിനൊപ്പമായിരുന്നു തമ്പിയുടെ ഐ.പി.എൽ അരങ്ങേറ്റം. 12 മത്സരത്തിൽ കളത്തിലിറങ്ങിയ താരം 11 വിക്കറ്റെടുത്ത് അരേങ്ങറ്റം മോശമാക്കിയില്ല. 2018ൽ ഹൈദരാബാദിലേക്ക് കുടിയേറി. കഴിഞ്ഞ സീസണിൽ മൂന്ന് മത്സരത്തിൽ മാത്രമാണ് കളത്തിലിറങ്ങാൻ അവസരം ലഭിച്ചത്. 72 പന്തെറിഞ്ഞെങ്കിലും വിക്കറ്റ് നേടാനായില്ല.
കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയ ഏറ്റവുമധികം ചർച്ച ചെയ്ത താരങ്ങളിലൊരാളാണ് സന്ദീപ് വാര്യർ. കളിയുടെ പേരിലായിരുന്നില്ല അത്. വിക്കി പീഡിയയിൽ സന്ദീപ് വാര്യരെ തിരഞ്ഞവർക്ക് കിട്ടിയത് ബി.ജെ.പി നേതാവ് സന്ദീപ് വാര്യരെ. കൊൽക്കത്ത ടീമിെൻറ പട്ടികയിലും ബി.ജെ.പിയുടെ സന്ദീപ് വാര്യരുെട ചിത്രമാണുണ്ടായിരുന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിക്കിപീഡിയ തിരുത്തി.
2018-19 രഞ്ജി സീസണിൽ കേരളം ആദ്യമായി സെമിഫൈനലിലെത്തിയപ്പോൾ എതിരാളികെള വിറപ്പിച്ചത് സന്ദീപിെൻറ അതിവേഗ ബാളുകളായിരുന്നു. 10 മത്സരങ്ങളിൽ കളിച്ച സന്ദീപ് 44 വിക്കറ്റാണ് നേടിയത്. കഴിഞ്ഞ ഐ.പി.എൽ സീസണിൽ മൂന്ന് മത്സരത്തിൽ കളത്തിലിറങ്ങി. 72 പന്ത് എറിഞ്ഞപ്പോൾ 85 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു ഈ വലംകൈയൻ പേസർ.
അധികം മത്സര പരിചയമില്ലാതെ നേരിട്ടായിരുന്നു ചെന്നൈ സൂപ്പർ കിങ്സിലേക്ക് ആസിഫിെൻറ രംഗപ്രവേശം. ടെന്നിസ് ബാൾ ക്രിക്കറ്ററായിരുന്ന ആസിഫ് ക്രിക്കറ്റിനോടുള്ള അഭിനിവേശം മൂത്താണ് സ്റ്റിച്ച് ബാളിൽ കളി തുടങ്ങിയത്. നാലു വർഷം മുമ്പ് ദുബൈയിൽ ജോലിേതടി എത്തിയ ആസിഫ് വീണ്ടും യു.എ.ഇയിൽ എത്തിയത് ചെന്നൈയുടെ ജഴ്സിയിലാണ്. ഫുട്ബാളിെൻറ മണ്ണായ മലപ്പുറത്തുനിന്ന് ക്രിക്കറ്റിെൻറ ഉയരത്തിലേക്കെത്തിയ ആദ്യതാരം. കഴിഞ്ഞ സീസണിൽ രണ്ട് മത്സരം കളിച്ച ആസിഫ് 36 പന്തിൽ 75 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. അതികായന്മാർ ഒരുപാടുള്ള ചെന്നൈ ടീമിെൻറ അന്തിമ ഇലവനിൽ ഇടംപിടിക്കുക അത്ര എളുപ്പമല്ലെങ്കിലും പ്രതിസന്ധികൾ ഏറെ അതിജീവിച്ച ആസിഫ് ഇക്കുറിയും പ്രതീക്ഷയിലാണ്.
പാതി മലയാളിയാണെങ്കിലും ഒറിജിനൽ മലയാളിയാണ് കരുൺ. ജനിച്ചതും വളർന്നതുമെല്ലാം കേരളത്തിനു പുറത്ത്. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നത് കർണാടകക്കുവേണ്ടി. ഐ.പി.എല്ലിൽ പഞ്ചാബിെൻറ ജഴ്സി. എങ്കിലും, മാതാപിതാക്കളും ബന്ധുക്കളുമെല്ലാം പത്തനംതിട്ടയിലും ആലപ്പുഴയിലുമാണ്. അതുകൊണ്ടുതന്നെ നന്നായി മലയാളം പറയും. നാലുവർഷം മുമ്പ് ആറന്മുളയിൽ വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ കരുൺ കയറിയ വള്ളം മറിഞ്ഞ് രണ്ടു യുവാക്കളെ കാണാതായിരുന്നു. അന്ന് അത്ഭുതകരമായാണ് നീന്തൽ അറിയാതിരുന്ന കരുൺ രക്ഷപ്പെട്ടത്.
വീരേന്ദർ സേവാഗിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്ൾ സെഞ്ച്വറി നേടിയ ഏക ഇന്ത്യൻ താരമാണ് കരുൺ. എന്നാൽ, തൊട്ടടുത്ത മത്സരത്തിൽതന്നെ ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടതിെൻറ ദുർവിധിയും കരുൺനായരുടെ ചരിത്രത്തിൽ ഉണ്ട്. 2018ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരം. മുമ്പ് രാജസ്ഥാനിലായിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ പാർട്ട് ടൈം ബൗളറായും ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.