റാസല്‍ഖൈമ: പ്രിയപ്പെട്ട സര്, ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും താങ്കളുടെ പിന്തുണക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു ! ഇത് ഞങ്ങള്‍ എത്രമാത്രം വിലമതിക്കുന്നുവെന്ന് താങ്കള്‍ക്ക് മനസ്സിലാകണമെന്നില്ല. നിങ്ങളുടെ ജീവിതത്തില്‍ ആയുരാരോഗ്യ സന്തോഷങ്ങള്‍ നിറയട്ടെയെന്ന് ആശംസിക്കുന്നു. ടീം 6E147 -പൂജ, വിസച്ചു, പിമ പ്രീത, ദുപന്സ്.
ബുധനാഴ്ച രാവിലെ 6.10ന് ചെന്നൈയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം യാത്ര പകുതി പിന്നിട്ടപ്പോഴാണ് യാത്രക്കാരിയായ 35കാരിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. സഹയാത്രക്കാര്‍ക്കൊപ്പം വിമാനത്തിലെ കാബിന് ക്രൂവും നിസ്സഹായാവസ്ഥയിലായ നിമിഷം. യാത്രക്കാരില്‍ ഡോക്ടര്‍മാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ സഹായം വേണമെന്ന അഭ്യര്‍ഥനയുമായി കാബിന് ക്രൂ അംഗങ്ങളുടെ പരക്കംപാച്ചിൽ. ഈ സമയം രക്ഷകനായെത്തിയ കാസര്‍കോട് സ്വദേശി ഡോ. ലഹല്‍ മുഹമ്മദ് അബ്ദുല്ലക്ക് ഇന്‍ഡിഗോയിലെ ജീവനക്കാര്‍ നന്ദി രേഖപ്പെടുത്തി സമ്മാനിച്ച കുറിപ്പിലെ വരികളാണ് മുകളില്‍.
ഡോ. ലഹലിന്റെ സമയോചിത ഇടപെടല്‍ യുവതിക്കൊപ്പം വിമാന ജീവനക്കാരായ തങ്ങള്‍ക്കും സഹയാത്രികര്‍ക്കും നല്കിയ ആശ്വാസം ചെറുതല്ലെന്ന് ജീവനക്കാര്‍ പറയുന്നു. ചെന്നൈ രാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ലഹല്‍ റാസല്‍ഖൈമയില്‍ രക്ഷിതാക്കളുടെ അടുത്തേക്കുള്ള യാത്രയിലായിരുന്നു. റാക് അക്കാദമി-റാക് സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയാണ് ലഹല്‍ ചെന്നൈ രാമചന്ദ്ര മെഡിക്കല്‍ കോളജില്‍ ചേര്‍ന്നത്. റാക്പാക് എം.ഡിയും കാസര്‍കോട് സ്വദേശിയുമായ ടി.വി. അബ്ദുല്ല-ജാസ്മിൻ അബ്ദുല്ല ദമ്പതികളുടെ മകനാണ് ഡോ. ലഹല്‍ മുഹമ്മദ് അബ്ദുല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.