അബഹ: രോഗം, ജോലിയില്ലായ്മ, നിയമക്കുരുക്ക്, കിടപ്പാടം ജപ്തി ഭീഷണിയിൽ തുടങ്ങി എണ്ണിയാലൊടുങ്ങില്ല പ്രതിസന്ധികളുടെ തിരതല്ലൽ. ദുരിതങ്ങളുടെ പെരുമഴപ്പെയ്ത്തിൽ ആകെ നനഞ്ഞു തളർന്നുപോയ മലയാളിക്ക് സാന്ത്വനമായി അബഹയിലെ പ്രവാസി സമൂഹം.
പാലക്കാട് മലയൻകാവ് ഇല്ലിക്കൽ മുഹമ്മദ് അബ്ദുൽ നജീബാണ് തീക്ഷ്ണമായ കനലനുഭവങ്ങൾക്കൊടുവിൽ ഒരുപറ്റം മനുഷ്യസ്നേഹികളുടെ സ്നേഹമസൃണതയിൽ അഭയം പ്രാപിച്ചിരിക്കുന്നത്. പത്തു വർഷമായി അസീറിലെ മൊഹായിലിൽ ഒരു ബൂഫിയയിലാണ് ജോലി ചെയ്തിരുന്നത്.
ഉടമയായ സ്വദേശി പൗരൻ അതടച്ചു പൂട്ടിയപ്പോൾ ജോലി നഷ്ടമായി. മറ്റൊരു ജോലി കിട്ടാനുള്ള അന്വേഷണത്തിനിടെയാണ് നാട്ടിലെ കിടപ്പാടം ജപ്തി ഭീഷണിയിലായത്.
മകളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി എടുത്ത വായ്പതിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പ്രദേശത്തെ ബാങ്കാണ് ജപ്തി നടപടിയിലേക്ക് കടന്നത്. അതിനിടെ ഒരു കച്ചിത്തുരുമ്പെന്ന പോലെ ഖമീസ്മുശൈത്തിലൊരു ജ്യൂസ് കടയിൽ ജോലി കിട്ടി. അവിടെ സ്പോൺസർഷിപ് മാറ്റാനായി നോക്കുമ്പോഴാണ് ‘ഒളിച്ചോട്ടക്കാരൻ’ ആയി രേഖപ്പെടുത്തി പഴയ സ്പോൺസർ തന്നെ നിയമക്കുരുക്കിലാക്കിയിരിക്കുന്നത് നജീബ് അറിയുന്നത്.
ജോലി കിട്ടിയെന്ന ആശ്വാസം അതോടെ ആവിയായി. അതിന്റെ വിഷമത്തിൽ കഴിയുന്നതിനിടെ അടുത്ത ദുർവിധി കാലിലെ ഒരു ചെറിയ മുറിവിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്. അതുണങ്ങാതെ വ്രണമായി മാറി.
പ്രമേഹരോഗിയായതിനാൽ കൂടുതൽ വഷളാവും എന്ന് മനസ്സിലാക്കി നാട്ടിൽപോയി വിദഗ്ധചികിത്സ തേടാം എന്ന് കരുതി നാട്ടിൽ പോകാനൊരുങ്ങി. ഫൈനൽ എക്സിറ്റ് വിസക്ക് വേണ്ടി ശ്രമിക്കുന്നതിനിടെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞത് ശ്രദ്ധയിൽപെടുന്നത്. അത് പുതുക്കാനുള്ള ശ്രമത്തിനിടെ കാലിലെ വ്രണം വഷളായത് മനസ്സിലായി. ഒളിച്ചോട്ടക്കാരനായി ഔദ്യോഗികരേഖകളിൽ കുടുങ്ങിയതിനാൽ സൗദിയിൽ ആശുപത്രികളിൽ വിദഗ്ധചികിത്സയും അപ്രാപ്യമായി.
ഇതറിഞ്ഞ നൗഷാദ് എന്ന മലയാളി സഹായിക്കാനായി മുന്നോട്ടുവന്നു. വിവരം സാമൂഹിക പ്രവർത്തകനും ഇന്ത്യൻ കോൺസുലേറ്റ് സേവനവിഭാഗം സനദ്ധപ്രവർത്തകനുമായ ബിജു കെ.നായർ വഴി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥരായ ദീപക് യാദവ്, ഹരിദാസ് എന്നിവരുടെ ശ്രദ്ധയിൽപെടുത്തി. അവർ രണ്ട് ദിവസം കൊണ്ട് പാസ്പോർട്ട് പുതുക്കി അബഹയിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു.
തുടർന്ന് ബിജു കെ.നായർ ഇന്ത്യൻ എംബസിയുടെ അധികാരപത്രം കരസ്ഥമാക്കി നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തെ സമീപിച്ചു. അപ്പോഴേക്കും കാലിലെ വ്രണം നജീബിനെ നടക്കാൻ കഴിയാത്ത സ്ഥിതിയിലെത്തിച്ചു. അബഹയിലെ വിഭിന്നശേഷിക്കാരെ സഹായിക്കാനുള്ള സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരനായ ഫവാസിന്റെ സഹായത്തോടെ തർഹീലിലും തൊഴിൽകാര്യ ഓഫിസിലും പോകാൻ പ്രത്യേക സൗകര്യമുള്ള വാഹനവും വീൽചെയറും ഡ്രൈവറെയും ഏർപ്പാടാക്കി.
ഫൈനൽ എക്സിറ്റിന് ലേബർ കോർട്ട് അനുമതി ആവശ്യമുണ്ടായിരുന്നെങ്കിലും അതിന് ഏറെ കാലതാമസമെടുക്കുമെന്നതിനാൽ നജീബിന്റെ ദയനീയസ്ഥിതി തർഹീൽ മേധാവി സലാം ഖഹ്താനിയെ ബോധ്യപ്പെടുത്തി.
അദ്ദേഹം നൽകിയ കത്തുമായി ബിജു അന്ന് തന്നെ ലേബർ കോർട്ട് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ച് തർഹീലിലേക്കുള്ള രേഖ തരപ്പെടുത്തി. തുടർന്ന് തർഹീൽ ഉദ്യോഗസ്ഥൻ ബന്ദർ ബിൻ ജുബ്റാൻ ഷഹറാനി ഫൈനൽ എക്സിറ്റ് വിസ അനുവദിച്ചു. നാട്ടിൽ പോകുന്നതിനും ചികിത്സക്കുമായി പ്രവാസി സമൂഹത്തിന്റെ സഹകരണത്തോടെ സാമ്പത്തികസഹായവും വിമാന ടിക്കറ്റും നൽകി വെള്ളിയാഴ്ച അബഹയിൽനിന്ന് റിയാദിലെത്തിച്ച് ശനിയാഴ്ച പുലർച്ചെ ഫ്ലൈനാസ് വിമാനത്തിൽ കോഴിക്കോട് എത്തിച്ചു. നൗഷാദ്, ജലീൽ, നസീർ, ഗഫൂർ, സക്കറിയ തുടങ്ങിയവരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.