ദുബൈ: യു.എ.ഇയിൽ രജിസ്ട്രേഷനുള്ള ആദ്യ ഓട്ടോറിക്ഷ സ്വന്തമാക്കിരിക്കുകയാണ് മലയാളിയായ പ്രവാസി ജുലാഷ് ബഷീർ. ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്ത 1985 മോഡൽ ക്ലാസിക് പ്യാജിയോ ക്ലാസിനോ ആണ് ദുബൈ നിരത്തുകളിലെ പുതിയ സുന്ദരി. ക്ലാസിക് വാഹനങ്ങളോട് പ്രത്യേക കമ്പമുള്ള ജുലാഷ് മൂന്നു മാസം മുമ്പാണ് ഇറ്റാലിയൻ സുന്ദരിയായ മുച്ചക്ര വാഹനം സ്വന്തമാക്കിയത്. ഷാർജയിലെ ഓൾഡ് കാർ ക്ലബിൽ രജിസ്റ്റർ ചെയ്തതോടെ യു.എ.ഇയിൽ രജിസ്ട്രേഷനുള്ള ആദ്യ ഓട്ടോ മുതലാളിയായി മാറിയിരിക്കുകയാണ് ജുലാഷ്.
ക്ലാസിക് വാഹനങ്ങൾ നിരത്തിലിറക്കണമെങ്കിൽ ഷാർജ ഓൾഡ് കാർ ക്ലബിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. ഓട്ടോറിക്ഷ ആയതിനാൽ രജിസ്ട്രേഷന് കാറിന്റെ ലൈസൻസിനൊപ്പം ബൈക്ക് ഓടിക്കാനുള്ള ലൈസൻസും സമർപ്പിക്കണം. ഷാർജ ഓൾഡ് കാർ ക്ലബിൽ നിന്ന് കസ്റ്റംസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ഇനി സ്വതന്ത്രമായി വാഹനം യു.എ.ഇയിൽ സവാരി നടത്തും. ഒരു വർഷത്തേക്കാണ് രജിസ്ട്രേഷൻ.
പരമാവധി വേഗത 80 കിലോമീറ്ററായതിനാൽ അധിവേഗ പാതയിൽ ഓട്ടോസുന്ദരിക്ക് പ്രവേശിക്കാനാവില്ല. എങ്കിലും മറ്റ് റോഡുകളിൽ വാഹനം ഓടിക്കുന്നതിന് പ്രയാസമില്ലെന്ന് ജുലാഷ് പറഞ്ഞു. ദുബൈയിൽ ബിസിനസുകാരനായ ജുലാഷ് മുമ്പ് കേരളത്തിൽ നിന്ന് ടി.വി.എസ് കമ്പനിയുടെ ഓട്ടോ ഇറക്കുതി ചെയ്ത് രജിസ്ട്രേഷനായി അപേക്ഷിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്നാണ് ക്ലാസിക് മോഡലായ പ്യാജിയോ ക്ലാസിനോവിനെ ഇറ്റലിയിൽ നിന്നും എത്തിച്ചത്. ഫൊറാറിയും ഹമ്മറും ഉൾപ്പെടെ ആഡംബര വാഹനങ്ങൾ കണ്ടു മടുത്ത ദുബൈ നഗരത്തിന് കൗതുകക്കാഴ്ച സമ്മാനിക്കുകയാണ് ഈ ഓട്ടോസുന്ദരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.