ദുബൈ: മനുഷ്യരുടെ വേദനകൾ പരിഗണിക്കാതെ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗണിന് പ്രവാസലോകത്തുനിന്ന് ഒരു രക്തസാക്ഷി കൂടി. പ്രിയതമനെ ചികിത്സക്കായി നാട്ടിലെത്തിക്കാൻ ജയശ്രീ ടീച്ചറും സാമൂഹിക പ്രവർത്തകരും ചേർന്ന് നടത്തിയ ശ്രമങ്ങൾ വിഫലമായി. പത്തനംതിട്ട ചെന്നീർക്കര പുത്തൻപുരയിൽ കൃഷ്ണകുമാർ (55) വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി.
നാട്ടിൽ നടത്തിയ ബിസിനസുകൾ പരാജയപ്പെട്ട ഘട്ടത്തിൽ ജീവിതം തിരിച്ചുപിടിക്കാൻ പ്രവാസജീവിതം തെരഞ്ഞെടുത്തതാണ് കൃഷ്ണകുമാർ. ഒരു കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചെങ്കിലും സാമ്പത്തികമായ പ്രതിസന്ധികൾ തുടർന്നു. ഫെബ്രുവരി 13ന് ഓഫിസിലേക്ക് പോകുന്നതിനിടെ രക്തസമ്മർദ്ദം വർധിച്ച് റോഡിൽ വീണ കൃഷ്ണകുമാർ അബോധാവസ്ഥയിലായി.
റാഷിദ് ആശുപത്രിയിൽ ചികിത്സയിലായ ഇദ്ദേഹത്തെ പരിചരിക്കാൻ ഭാര്യ ജയശ്രീ ടീച്ചർ നാട്ടിൽ നിന്നെത്തുകയായിരുന്നു. കേരളത്തിലെത്തിച്ച് തുടർ ചികിത്സ നടത്തുവാൻ ശ്രമിച്ചെങ്കിലും ലോക്ഡൗൺ ആ പദ്ധതിയും മുടക്കി. അജ്മാനിലെ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ ചികിത്സയിൽ തുടരവെ വന്ദേഭാരത് വിമാനങ്ങളിലൊന്നിൽ നാട്ടിലെത്തിക്കാൻ സാധ്യതകൾ ആരാഞ്ഞെങ്കിലും നടന്നില്ല.
പിന്നീട് സാമൂഹിക പ്രവർത്തകൻ അഡ്വ. ഹാഷിക്, ഷിബു വർഗീസ്, ടി.പി. സുധീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ ചാർേട്ടഡ് വിമാനത്തിൽ കൊണ്ടുപോകാൻ ശ്രമങ്ങൾ നടത്തി വരുന്നതിനിടെ തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു. രണ്ട് പെൺമക്കളുണ്ട്.
മൃതദേഹത്തിെൻറ നടപടിക്രമങ്ങൾ കൃഷ്ണകുമാർ പഠിച്ച പന്തളം പോളിടെക്നിക്കിലെ പൂർവവിദ്യാർഥികളുടെ നേതൃത്വത്തിൽ നടക്കുന്നു. ആരോഗ്യ സുരക്ഷ അനുമതി ലഭിച്ചാൽ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.