അബൂദബി: മലയാളം മിഷൻ യു.എ.ഇ ചാപ്റ്റർ അധ്യാപക പരിശീലനം വെള്ളി, ശനി ദിവസങ്ങളിൽ ഓൺലൈൻ വഴി നടത്തും. വിവിധ മേഖലകളിൽ നിന്ന് എൺപതോളം അധ്യാപകർ പങ്കെടുക്കും. ദുബൈ, ഷാർജ മേഖലകളിലുള്ളവർക്ക് വെള്ളിയാഴ്ച രാവിലെ 10നും അജ്മാൻ, റാസൽഖൈമ, ഫുജൈറ മേഖലകളിലുള്ളവർക്ക് വൈകുന്നേരം മൂന്നിനുമാണ് പരിശീലനം.
അബൂദബി, അൽഐൻ മേഖലകളിലുള്ളവർക്ക് ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് പരിശീലനം.
മലയാളം മിഷൻ ആഭിമുഖ്യത്തിൽ യു.എ.ഇയിൽ നൂറിലേറെ അധ്യാപകരുടെ കീഴിൽ മുവ്വായിരത്തിലേറെ കുട്ടികൾ മലയാള ഭാഷ സൗജന്യമായി പഠിച്ചുവരുന്നു. ഇതിനു പുറമെയാണ് അധ്യാപകർക്ക് ഓൺലൈൻ വഴി പരിശീലനം.
മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ എം. സേതുമാധവൻ, ഭാഷാധ്യാപകൻ ഡോ. എം. ടി. ശശി എന്നിവർ നേതൃത്വം നൽകും. ലോകമെമ്പാടുമുള്ള മലയാളം മിഷൻ അധ്യാപകർക്കായുള്ള രണ്ടാംഘട്ട ഡിജിറ്റൽ സ്കിൽ അധ്യാപക പരിശീലനം ശനി, ഞായർ ദിവസങ്ങളിൽ ഓൺലൈനായി നടക്കും. ഡിജിറ്റൽ സ്കിൽ അധ്യാപക പരിശീലനത്തിന് ബാംഗ്ലൂരിലെ ക്രൈസ്റ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് ആൻഡ് ടെക്നോളജിയിലെ ഐ.ടി. വിദഗ്ധ പ്രൊഫ. മെറിൻ തോമസ് നേതൃത്വം നൽകുമെന്ന് മലയാളം മിഷൻ യു.എ.ഇ ചാപ്റ്റർ കോർഡിനേറ്റർ കെ. എൽ. ഗോപി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.