ദുബൈ: എക്സ്പോ വേദിയിൽ ആദ്യം തന്നെ പൂർത്തിയായ പവലിയനുകളിൽ ഒന്നാണ് മലേഷ്യയുടേത്. പ്രകൃതി മനോഹാരിത മാത്രമല്ല, മഴക്കാടുകളും ഒരുക്കിയെടുത്തിരിക്കുകയാണ് മലേഷ്യക്കാർ 'റെയിൻ ഫോറസ്റ്റ് കനോപ്പി' പവലിയനിലൂടെ. എക്സ്പോയിലെ ആദ്യ സീറോ കാർബൺ സംരംഭമാണിത്.
നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്ന എല്ലാ ഉൽപന്നങ്ങളും പുനരുപയോഗിക്കാൻ കഴിയുന്നവയാണ്. 1234 ചതുരശ്ര അടിയിൽ സുസ്ഥിര വികസനം എന്ന ആശയം മുൻനിർത്തിയാണ് പവലിയൻ ഒരുങ്ങിയിരിക്കുന്നത്. മലേഷ്യയുടെ വികസനത്തിൽ മുഖ്യപങ്ക് വഹിക്കുന്ന കാർഷിക മേഖലക്ക് ചെറുതല്ലാത്ത പ്രാധാന്യം ഈ പവലിയനിൽ നൽകുന്നുണ്ട്. മലേഷ്യയിൽ നിന്നുള്ള ഒരുകൂട്ടം സന്ദർകരെ കഴിഞ്ഞ ദിവസം ഇവിടെ അനുവദിച്ചിരുന്നു. വെള്ളച്ചാട്ടം നേരിട്ട് അനുഭവിച്ചറിയാൻ ഇവിടെ കഴിയും. ചെറിയ കൃത്രിമ വെള്ളച്ചാട്ടങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. മെരന്തിരി മരം ഉപയോഗിച്ചാണ് പ്രവേശന കവാടം നിർമിച്ചിരിക്കുന്നത്. 15 മീറ്റർ ഉയരത്തിൽ നിർമിച്ചിരിക്കുന്ന തൂണുകൾ കാറ്റിനൊപ്പം ആടുകയും ചെയ്യും. രാത്രിയിൽ നൂറുകണക്കിന് എൽ.ഇ.ഡി ബൾബുകൾ ഉപയോഗിച്ച് വർണവിസ്മയം തീർക്കും.
മലേഷ്യൻ പവലിയെൻറ പ്രധാന സവിശേഷത ജലമാണ്. അരുവിയെ പോലെ രൂപകൽപന ചെയ്ത വളഞ്ഞ പാതയിലൂടെ വേണം പവലിയനിലേക്ക് പ്രവേശിക്കാൻ. പവലിയെൻറ മുകൾ ഭാഗത്തുനിന്നും വെള്ളം വരുന്നുണ്ട്. തൂക്കുപാലങ്ങളും ഇവിടെ നിർമിച്ചിട്ടുണ്ട്. 25.7 ശതമാനം കാർബൺ ബഹിർഗമനം കറുക്കുന്ന രീതിയിലാണ് നിർമാണം. സോളാർ ഉപയോഗിച്ചാണ് മേൽക്കൂര നിർമിച്ചിരിക്കുന്നത്. മഴക്കാടുകൾ നിറഞ്ഞുനിൽക്കുന്ന പവലിയനിലൂടെ സസ്യജാലങ്ങളെക്കണ്ട് യാത്ര ചെയ്യാം.
വനസമ്പത്തും ജലവും സംരക്ഷിക്കേണ്ടതിെൻറ ആവശ്യകത ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാനാണ് മലേഷ്യൻ പവലിയെൻറ തീരുമാനം. 40 സൗരോർജ പാനലുകളാണ് ഇവിടെയുള്ളത്. വെള്ളം പുനരുപയോഗിക്കാവുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
22 മന്ത്രാലയങ്ങളുടെയും 40 ഏജൻസികളുടെയും അഞ്ച് സ്റ്റേറ്റ് ഗവൺമെൻറുകളുടെയും സാന്നിധ്യം പവലിയനിലുണ്ടാകും. എല്ലാ ആഴ്ചയും 26 പരിപാടികൾ മലേഷ്യക്കാർ ആസൂത്രണം ചെയ്യും.
200 വ്യാപാര പ്രതിനിധികളും എക്ക്പോയുടെ ഭാഗമാകും. യു.എ.ഇയുമായുള്ള വാണിജ്യ ബന്ധം ശക്തിപ്പെടുത്താനും എക്സ്പോ ഉപകരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
സൗദി കഴിഞ്ഞാൽ മലേഷ്യ ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത് യു.എ.ഇയിൽനിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.