അബൂദബി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് താൽക്കാലികമായി അടച്ച അബൂദബിയിലെ യാസ് മാളും അൽ ഐനിലെ അൽ ജിമി മാളും ഇന്നലെ മുതൽ വീണ്ടും തുറന്നു. മാളിൽ ജോലി ചെയ്യുന്ന ജീവനക്കാരെയും സന്ദർശകരെയും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചാണ് പുനഃപ്രവർത്തനം ആരംഭിച്ചത്.മാളുകൾ തുറക്കുന്നതിന് മുമ്പ് വിപുലമായ അണുനശീകരണ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അബൂദബി എമിറേറ്റിലെ ഈ മാളുകൾക്കാണ് ഇന്നലെ മുതൽ വീണ്ടും തുറക്കാൻ അനുമതി നൽകിയത്. മറ്റു മാളുകളുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികൾ പുരോഗമിച്ചു വരികയാണെന്നും അധികൃതർ പറഞ്ഞു.കോവിഡ് രോഗ വ്യാപനം തടയുന്നതിന് തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കിയതിനു പുറമെ മാളുകളിലെത്തുന്ന ഇടപാടുകാരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ മികച്ച നിലയിൽ പൂർത്തിയാക്കിയതിനെ തുടർന്നാണ് അൽദാർ പ്രോപ്പർട്ടീസിെൻറ മേൽനോട്ടത്തിലുള്ള യാസ് ദ്വീപിലെ യാസ് മാളിനും അൽ ഐനിലെ അൽ ജിമി മാളിനും പ്രവർത്തനാനുമതി നൽകിയത്. റമദാനിൽ ഉച്ചക്ക് 12 മുതൽ രാത്രി ഒമ്പത് മണി വരെ മാളുകൾ പ്രവർത്തിക്കും.
രാത്രി 10 മുതൽ രാവിലെ ആറു വരെ അണുനശീകരണ സമയം മറികടക്കാതിരിക്കാനാണ് റമദാനിൽ ഉച്ചക്ക് 12 മുതൽ രാത്രി ഒമ്പതു വരെയായി ക്രമീകരിച്ചിരിക്കുന്നത്. അണുനശീകരണ വേളയിൽ അത്യാവശ്യ സാഹചര്യങ്ങളിൽ സന്ദർശിക്കാൻ കഴിയുന്ന സൂപ്പർമാർക്കറ്റുകളും ഫാർമസികളും രാവിലെ ഒമ്പത് മുതൽ അർധരാത്രി വരെയുമാണ് തുറക്കുക.മാളുകളിൽ 30 ശതമാനം മാത്രമായി ഉപഭോക്താക്കളുടെ പ്രവേശനം നിജപ്പെടുത്തിയിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള ആർക്കും മാളുകളിൽ പ്രവേശനം അനുവദിക്കില്ല. മാളിലെ ജീവനക്കാരും എല്ലാ ഉപഭോക്താക്കളും എല്ലായ്പ്പോഴും മാസ്ക്കും കൈയുറകളും ധരിക്കുകയും വേണം. മെഡിക്കൽ കാര്യങ്ങളിൽ സഹായിക്കുന്നതിന് പരിശീലനം സിദ്ധിച്ച പ്രത്യേക സ്റ്റാഫും നഴ്സുമാരും പ്രവർത്തനവേളയിൽ മാളിൽ ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.