അബൂദബി: മലയാളത്തിെൻറ അഭിമാന താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും യു.എ.ഇയുടെ പത്തുവർഷ ഗോൾഡൻ വിസ സ്വീകരിച്ചു. അബൂദബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ, വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ അൽ ഹമ്മദി ഇരുവർക്കും വിസ കൈമാറി. ചടങ്ങിൽ വ്യവസായി എം.എ. യൂസുഫലിയും സന്നിഹിതനായിരുന്നു.
ഇരുവരും കലാ മേഖലക്ക് നൽകുന്ന സംഭാവന മഹത്തരമെന്ന് പറഞ്ഞ ഷൊറഫ അൽ ഹമ്മദി, കൂടുതൽ പ്രതിഭകളെ യു.എ.ഇയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണ് ഗോൾഡൻ വിസ നൽകിവരുന്നതെന്ന് വ്യക്തമാക്കി. വിസ അനുവദിച്ച യു.എ.ഇ സർക്കാറിന് നന്ദി അറിയിക്കുന്നതായി മമ്മൂട്ടിയും മോഹൻലാലും പറഞ്ഞു. തങ്ങളെ പ്രോൽസാഹിപ്പിച്ച് വളർത്തിയ മലയാളികൾ തന്ന സമ്മാനമാണിതെന്ന് മമ്മൂട്ടി പ്രതികരിച്ചു. വലിയ അംഗീകാരവും അഭിമാന നിമിഷവുമാണിതെന്നും സിനിമ വ്യവസായത്തെ സഹായിക്കാമെന്ന അധികൃതരുടെ വാഗ്ദാനം പ്രതീക്ഷ നൽകുന്നതാണെന്നും മോഹൻലാൽ പറഞ്ഞു. ഗോൾഡൻ വിസക്കായി സഹായിച്ച യൂസുഫലിക്ക് ഇരുവരും നന്ദി അറിയിച്ചു.
ചടങ്ങിൽ അബൂദബദി സാമ്പത്തിക വികസന വകുപ്പ് അണ്ടർ സെക്രട്ടറി റാഷിദ് അബ്ദുൽ കരീം അൽ ബലൂഷി, അബൂദബി റെസിഡൻസ് ഓഫീസ് അഡ്വൈസർ ഹാരിബ് മുബാറക് അൽ മഹീരി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.