ദുബൈ: ഏതു മതത്തിൽപെട്ടവരാണെങ്കിലും ഗൾഫിലേക്ക് വിമാനം കയറുന്നതിന് മുൻപ് രണ്ടു വാക്യങ്ങൾ മനസ്സിൽ കുറിച്ചിട്ടുണ്ടാവും, അസ്സലാമു അലൈക്കും, വ അലൈക്കും അസ്സലാം. ഇത് പഠിപ്പിച്ചത് മുതൽ ഗഫൂർക്കയും ഗൾഫും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പ്രവാസലോകത്തിനും ഓർത്തുവെക്കാൻ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് മാമുക്കോയ വിടപറയുന്നത്. അതിൽ പ്രധാനമാണ് നാടോടിക്കാറ്റിലെ ഗഫൂർക്ക. ഗൾഫിലേക്ക് കപ്പൽ കയറാൻ ആദ്യമായി വഴി കാണിച്ചുകൊടുത്തയാളാണ് ഗഫൂർക്ക.
അവിടെയെത്തി ‘ഗഫൂർ കാ ദോസ്ത്’ എന്നു പറഞ്ഞാൽ മതി എന്ന ഡയലോഗ് പ്രവാസലോകത്ത് ഇപ്പോഴും പറഞ്ഞ് പഴകിയിട്ടില്ല. ഈ സിനിമയോടെ ഗൾഫിലുള്ള ഗഫൂറുമാരെല്ലാം ഗഫൂർക്ക ദോസ്തായി മാറിയതും ചരിത്രം. ഗൾഫിൽ ഗഫൂർ കാ ദോസ്ത് എന്ന പേരിൽ നിരവധി ഹോട്ടലുകളും സ്ഥാപിക്കപ്പെട്ടു. ഈ കഥാപാത്രമാണ് മാമുക്കോയക്ക് മലയാള സിനിമയിൽ തന്റേതായ ഇടം ഉണ്ടാക്കിയത്. ഇതിന്റെ രണ്ടാം ഭാഗമായ പട്ടണപ്രവേശത്തിലും അദ്ദേഹമെത്തി. 2001ൽ പുറത്തിറങ്ങിയ അന്നത്തെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ മമ്മൂട്ടിയുടെ ‘ദുബായ്’ എന്ന സിനിമയിലും മുഴുനീള വേഷത്തിൽ മാമുക്കോയ എത്തി. ഈ സിനിമ പൂർണമായും ചിത്രീകരിച്ചത് യു.എ.ഇയിലായിരുന്നു.
മകളുടെ വിവാഹത്തിനുപോലും നാട്ടിൽ പോകാൻ കഴിയാത്ത കുഞ്ഞാപ്പുക്കുട്ടി എന്ന കഥാപാത്രം ഓരോ പ്രവാസിയുടെയും പ്രതിനിധിയായിരുന്നു. പെരുമഴക്കാലത്തിൽ പ്രവാസിയുടെ പിതാവായി വേഷമിട്ട മാമുക്കോയക്ക് 2004ൽ സംസ്ഥാന സർക്കാറിന്റെ പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. ഗുരു ശിഷ്യൻ എന്ന സിനിമയിൽ ‘ഇക്കാക്ക് ഗൾഫിലെന്താണ് ജോലി’ എന്ന് കലാഭവൻ മണി ചോദിക്കുമ്പോൾ മാമുക്കോയയുടെ കഥാപാത്രമായ മുസ്തഫയുടെ മറുപടി ഇതാണ് ‘ഗൾഫിൽ ഷെയ്ഖാ’ണ്. ഷവ്വൽ എടുത്ത് മണ്ണിലിട്ടൊരു ഷെയ്ഖ്, പിന്നെ മണ്ണ് ഷവ്വലിൽ നിന്ന് ചട്ടിയിലിട്ടൊരു ഷെയ്ഖ്, ചട്ടിയിൽ നിന്ന് മെഷീനിലേക്കൊരു ഷെയ്ഖ്, പിന്നെ മെഷീൻ, അവിടെ മൊത്തത്തിലൊരു ഷെയ്ഖ്’.
നിരവധി സിനിമകളിൽ ഗൾഫിൽനിന്നെത്തുന്ന പ്രവാസിയായി വേഷമിട്ടിട്ടുണ്ട്. മഴവിൽ കാവടിയിൽ വിദേശത്തെ ലെതർ ഫാക്ടറിയിൽനിന്നു വരുന്നു എന്ന വ്യാജേന എത്തുന്ന മാമുക്കോയ അടിച്ചുമാറ്റിയ പഴ്സുകൾ വാരിവിതറുന്ന സീനുണ്ട്. ബേപ്പൂരിലെ ഉരു നിർമാണത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികളുടെ ജീവിതകഥ പറഞ്ഞ ‘ഉരു’വിൽ ശ്രീധരൻ ആശാരി എന്ന കഥാപാത്രമായി മാമുക്കോയ എത്തി. അയൽസംസ്ഥാന പ്രവാസിയുടെ റോളിലും മാമുക്കോയ ആസ്വാദകരെ കുടുകുടാ ചിരിപ്പിച്ചു.
ക്രൊയേഷ്യൻ ടീമിന്റെ ജഴ്സിയുടെ നിറമുള്ള ടീ ഷർട്ടുമായി പുറംനാട്ടിൽ നിന്നെത്തുന്ന മാമുക്കോയയുടെ ചിത്രം ഓരോ ഫുട്ബാൾ ലോകകപ്പ് കാലത്തും വൈറലാകാറുണ്ട്. ബോംബെയിലെ കുക്കായി നാട്ടിലെത്തി അടുക്കള ഭരിക്കുന്ന മാമുക്കോയയുടെ സീനുകൾ ഇനിയും മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരിക്കും. കൃത്യം ഒരുമാസം മുമ്പാണ് മാമുക്കോയ ദുബൈയിലെത്തി മടങ്ങിയത്. ഇ.സി.എച്ചിൽനിന്ന് ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയ അദ്ദേഹം ഇന്നസെന്റിന്റെ മരണ വാർത്തയറിഞ്ഞ് ഉടൻ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വിസ വേണ്ടാത്ത ലോകത്തേക്ക് മാമുക്കോയ മടങ്ങുമ്പോൾ പ്രവാസലോകത്തിനും ഓർത്തുവെക്കാൻ ഒരുപാട് കഥകളും കഥാപാത്രങ്ങളും ബാക്കിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.