ദുബൈ: നാല് ദിവസം കൊണ്ട് 700 കിലോമീറ്റർ താണ്ടി റെക്കോഡ് സ്ഥാപിക്കാൻ ഗനി സൂലേമാനെ ഓടിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച തുടങ്ങിയ ഓട്ടം ചൊവ്വാഴ്ച സമാപിക്കുമ്പോൾ ഏഴ് എമിറേറ്റുകളും പിന്നിടാനാണ് ഈ ടോംഗോ സ്വദേശിയുടെ ലക്ഷ്യം. ഏഴ് എമിറേറ്റുകളും ഏറ്റവും വേഗത്തിൽ പിന്നിട്ടതിന്റെ ഗിന്നസ് റെക്കോഡാണ് ഗനി ലക്ഷ്യമിടുന്നത്. 2006ൽ ജലാൽ ജമാൽ മാജിദ് ബിൻ താനിയെ അൽ മർറി സ്ഥാപിച്ച റെക്കോഡാണ് തിരുത്തിയെഴുതാനൊരുങ്ങുന്നത്.ആറ് ദിവസവും 21.48 മണിക്കൂറും കൊണ്ടാണ് ജമാൽ മാജിദ് 700 കിലോമീറ്റർ താണ്ടിയത്.ജീവകാരുണ്യ ധനസഹായം സ്വരൂപിക്കുക എന്ന ലക്ഷ്യവും ഗനിയുടെ ഓട്ടത്തിന് പിന്നിലുണ്ട്. അൽ ജലീലിയ ഫൗണ്ടേഷന്റെ ‘ഹീറോസ് ഓഫ് ഹോപ് ചാരിറ്റി’യിലേക്ക് ഫണ്ട് സ്വരൂപിക്കുക എന്നതാണ് ലക്ഷ്യം.
യു.എ.ഇ സൗദി അതിർത്തിയിൽനിന്ന് ഓട്ടം തുടങ്ങിയ 39കാരൻ ഫുജൈറയിലായിരിക്കും യാത്ര അവസാനിപ്പിക്കുക. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡിൽ ജോലിചെയ്യുന്ന സൂലേമാനെ മുമ്പും ദീർഘദൂര ഓട്ടങ്ങളിൽ പ്രശസ്തനാണ്. 2020ൽ 30 ദിവസത്തിനിടെ 30 അൾട്രാ മാരത്തണിൽ പങ്കെടുത്ത് ശ്രദ്ധേയനായിരുന്നു. തൊട്ടടുത്ത വർഷം 30 ദിവസത്തിനിടെ 30 അയൺമാൻ 70.3 ചലഞ്ച് പൂർത്തിയാക്കുകയും ചെയ്തു.
ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായാണ് ഈ നേട്ടം സ്വന്തമാക്കിയത്. ക്രോസ് കൺട്രി റണ്ണിനായും പരിശീലനം നടത്തിയിരുന്നു. ഈ സമയത്ത് ഓരോ നാല് മണിക്കൂറിലും 45 മിനിറ്റായിരുന്നു വിശ്രമിച്ചത്. എന്നാൽ, ചലഞ്ച് പൂർത്തിയാക്കാൻ രാവും പകലും വ്യത്യാസമില്ലാതെ ഗനി ഓടും. സ്പോർട്സ് എന്നാൽ, തന്റെ രക്തത്തിൽ അലിഞ്ഞുചേർന്നതാണെന്നും ഓട്ടത്തിലൂടെ ഈ രാജ്യത്തിന് നൽകുന്ന ആദരമാണിതെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.