ദുബൈ: എമിറേറ്റിലെ പൊതുഗതാഗത സംവിധാനത്തിന്റെ ഡിജിറ്റൽ സിസ്റ്റം ഹാക്ക് ചെയ്ത് 1.07 ലക്ഷം ദിർഹം 81 കാർഡുകളിലേക്ക് റീചാർജ് ചെയ്ത സോഫ്റ്റ്വെയർ എൻജിനീയർ പിടിയിൽ. 36 വയസ്സുകാരനായ ഏഷ്യക്കാരനാണ് പിടിയിലായത്. കുറ്റം തെളിഞ്ഞ പ്രതിക്കെതിരെ ദുബൈ കോടതി 91,000 ദിർഹം പിഴ ചുമത്തി. പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ ഓട്ടോമാറ്റിക് കലക്ഷൻ സിസ്റ്റങ്ങളുടെ സൂപ്പർവൈസറുടെ ശ്രദ്ധയിൽ അസാധാരണ ഇടപാടുകൾ ശ്രദ്ധയിൽ പെട്ടതാണ് പ്രതി വലയിലാകാൻ കാരണമായത്. ഇടപാടുകൾ പരിശോധിച്ച സൂപ്പർവൈസർ ഹാക്ക് ചെയ്തത് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇമാറാത്തി ഐഡന്റിറ്റിയിൽ രജിസ്റ്റർ ചെയ്ത ഒരു ഉപയോക്താവാണ് കുറ്റവാളിയെന്ന് കണ്ടെത്തി. എന്നാൽ കൂടുതൽ പരിശോധന നടത്തിയപ്പോൾ ഇത് വ്യാജ ഐഡന്റിറ്റിയാണെന്നും പ്രതി ഏഷ്യക്കാരനായ സോഫ്റ്റ്വെയർ എൻജിനീയറാണെന്നും തിരിച്ചറിയുകയായിരുന്നു. സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് കാർഡുകൾക്കിടയിൽ ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് പ്രതി ഹാക്ക് ചെയ്തത്. പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. സ്മാർട്ട് ആപ്ലിക്കേഷന്റെ പ്രോഗ്രാമിങ് പിഴവാണ് സിസ്റ്റം ഹാക്ക് ചെയ്യാൻ സഹായിച്ചതെന്ന് പ്രതി വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.