ഷാർജ: വ്യത്യസ്ത ഇനം ഈത്തപ്പഴങ്ങളുടെ പ്രദർശനവേദിയായ മൻബത് ഈത്തപ്പഴ ഉത്സവത്തിന് ഷാർജയിൽ തുടക്കമായി. ഫെസ്റ്റിവൽ പെരുന്നാൾ വരെ തുടരും. എല്ലാ ദിവസവും വൈകീട്ട് നാല് മുതൽ ഏഴ് വരെ ഷാർജയിലെ നസ്മ സെൻട്രലിലാണ് ഡേറ്റ് ഫെസ്റ്റിവൽ നടക്കുന്നത്. നിരവധി സന്ദർശകരാണ് ഈത്തപ്പഴ ഉത്സവം കാണാനായെത്തുന്നത്.
വിവിധയിനം ഇമാറാത്തി ഈത്തപ്പഴങ്ങൾക്കൊപ്പം വിവിധ അറബ് രാജ്യങ്ങളിൽനിന്നുള്ള പ്രീമിയം ഇനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓർഗാനിക് ഉൽപന്നങ്ങളും കരകൗശലവസ്തുക്കളും പ്രദർശിപ്പിക്കുന്നുണ്ട്. റമദാനിൽ രാത്രി ഒമ്പത് മുതൽ പുലർച്ചെ ഒന്നുവരെ പ്രദർശനം തുടരും. മേഖലയിലെ ഏറ്റവും മികച്ച ഈത്തപ്പഴങ്ങളാണ് ഡേറ്റ് ഫെസ്റ്റിവലിലെ പ്രധാന ആകർഷണം. തത്സമയ അറബിക് സംഗീതം, അൽ അയ്യാല പ്രകടനങ്ങൾ, അറബി കഥപറച്ചിൽ, അറബിക് കാലിഗ്രഫി, പരമ്പരാഗത സെറാമിക് പെയിൻറിങ്, മൈലാഞ്ചി കലാരൂപങ്ങൾ എന്നിവയുൾപ്പെടെ പ്രാദേശിക വിനോദങ്ങൾ ഇതിന്റെ ഭാഗമായുണ്ട്. കൂടാതെ, പരിപ്പ്, തേൻ, അറേബ്യൻ പലഹാരങ്ങൾ, അറേബ്യൻ കാപ്പി, മധുരമുള്ള ലുഖൈമത്ത്, നാടൻ ഈന്തപ്പനകളിൽനിന്ന് നിർമിച്ച അലങ്കാര ആഭരണങ്ങൾ എന്നിവയും പ്രദർശനത്തിനുണ്ടാകും. ഫാം ഫ്രഷ് പഴങ്ങൾക്കും ഗുണമേന്മയുള്ള പച്ചക്കറികൾക്കും പേരുകേട്ട, സീസണൽ മൻബത് വിപണിക്കൊപ്പമാണ് ഡേറ്റ് ഫെസ്റ്റിവലും നടക്കുന്നത്. അരാദ ഫൗണ്ടേഷന്റെ മൻബത് റമദാൻ കാമ്പയിനിൽ രണ്ടാം വർഷവും ദരിദ്രർക്കായി പതിനായിരക്കണക്കിന് പുതിയ ഉൽപന്നങ്ങൾ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.