ദുബൈ: ഇംഗ്ലീഷ് ഫുട്ബാളിൽ പാരമ്പര്യത്തിന്റെ പ്രൗഢിയിൽ നിൽക്കുമ്പോഴാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന് ക്രിക്കറ്റിലും മോഹമുദിക്കുന്നത്. ക്രിക്കറ്റിന്റെ മക്കയുടെ നാടിന്റെ പ്രതിനിധികളായി ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമിനെ അവതരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. 2021ൽ ഐ.പി.എൽ ടീമുകളുടെ എണ്ണം പത്തായി വർധിപ്പിക്കുകയാണെന്നറിഞ്ഞതോടെ മാഞ്ചസ്റ്റർ മുതലാളിമാർ ഇന്ത്യയിലെത്തി. പുതിയതായി വരുന്ന രണ്ടു ടീമിൽ ഒരെണ്ണം സ്വന്തമാക്കുക എന്നതായിരുന്നു ടീമിന്റെ സഹ ഉടമ അവ്റം ഗ്ലേസറിന്റെ ലക്ഷ്യം.
പക്ഷേ, ലേലത്തിൽ ഗ്ലേസറിന് പിഴച്ചു. അഹ്മദാബാദ് ടീമിനായി 4128 കോടിയും ലഖ്നോ ടീമിനെ സ്വന്തമാക്കാൻ 4023 കോടി രൂപയുമാണ് മാഞ്ചസ്റ്റർ മുന്നോട്ടുവെച്ചത്. എന്നാൽ, രഹസ്യ ടെൻഡറിൽ പങ്കെടുത്ത ഒമ്പതു ഫ്രാഞ്ചൈസികളിൽ ഏറ്റവും കുറഞ്ഞ തുക സമർപ്പിച്ചത് മാഞ്ചസ്റ്ററായിരുന്നു. 5625 കോടിയുമായി സി.വി.സി ക്യാപിറ്റലും 7090 കോടി രൂപയുമായി ആർ.പി.എസ്.ജി ഗ്രൂപ്പും ഇരു ടീമുകളെയും സ്വന്തമാക്കി. ദിവസങ്ങൾക്കുള്ളിൽതന്നെ ഗ്ലേസർ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ടു. ഒരാഴ്ചക്കുള്ളിൽതന്നെ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ടീമിനെ ഇവിടെ പ്രഖ്യാപിക്കുകയായിരുന്നു. ഡെസർട്ട് വൈപ്പേഴ്സ് എന്ന പേരിലാണ് ഈ ടീം കളത്തിലിറങ്ങുന്നത്. സൂപ്പർ താരങ്ങൾക്കു പകരം സമ്മിശ്ര ടീമിനെയാണ് മാഞ്ചസ്റ്റർ ഇറക്കുന്നത്. വനിന്ദു ഹസരംഗ, അലക്സ് ഹെയ്ൽസ്, ടോം കറൻ, സാം ബില്ലിങ്സ്, കോളിൻ മൺറോ തുടങ്ങിയവർ ടീമിന്റെ കരുത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.