ദുബൈ: രാജ്യത്തെ സ്വകാര്യ കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ചുരുങ്ങിയത് ഒരു വനിത അംഗത്തെ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് സാമ്പത്തിക മന്ത്രാലയത്തിന്റെ നിർദേശം. അടുത്ത വർഷം ജനുവരി മുതൽ പുതിയ നിർദേശം പ്രാബല്യത്തിൽ വരുമെങ്കിലും കമ്പനികളിൽ നിലവിലുള്ള ഡയറക്ടർ ബോർഡിന്റെ കാലാവധി പൂർത്തിയായ ശേഷം മാത്രം പുതിയ നിർദേശം നടപ്പിലാക്കിയാൽ മതി.
2021ൽ സെക്യൂരിറ്റീസ് ആൻഡ് കമോഡിറ്റീസ് അതോറിറ്റി (എസ്.സി.എ) എ.ഡി.എക്സ്, ഡി.എഫ്.എം എന്നിവയിൽ ലിസ്റ്റ് ചെയ്ത പൊതുമേഖല കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ഒരു വനിത അംഗത്തെ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് സ്വകാര്യ കമ്പനികളിലും നിർദേശം നടപ്പിലാക്കുന്നത്.
സ്വകാര്യ മേഖലകളിൽ വൈവിധ്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നേതൃപദവികളിൽ വനിതകളുടെ പ്രാതിനിധ്യം വർധിപ്പിക്കുകയാണ് പുതിയ നിർദേശത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സാമ്പത്തിക മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ആഗോള മത്സരക്ഷമത റാങ്കിങ് ഉയർത്താനുള്ള യു.എ.ഇയുടെ ശ്രമങ്ങളുമായി ചേർന്നുനിൽക്കുന്ന പുതു സംരംഭം രാജ്യത്തിന്റെ സുസ്ഥിര വികസനത്തിൽ സ്ത്രീകൾ നിർണായക പങ്കുവഹിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് അവരെ ശാക്തീകരിക്കുന്നതിനുള്ള നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് പ്രകടമാക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
പുതിയ ഉത്തരവ് വരുന്നതിന് മുമ്പുതന്നെ രാജ്യത്തെ ചില വൻകിട സ്വകാര്യ ബിസിനസ് ഗ്രൂപ്പുകൾ അവരുടെ ഡയറക്ടർ ബോർഡിൽ വനിത പ്രാതിനിധ്യം കൊണ്ടുവന്നിട്ടുണ്ട്. നിരവധി കുടുംബ ബിസിനസുകളിൽ തലമുറ കൈമാറ്റത്തിന് ഇത് സഹായിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.
ബിസിനസ്, സാമ്പത്തിക, നിക്ഷേപ മേഖലകളിൽ നിർണായകമായ സംഭാവനകൾ നൽകി സ്ത്രീകൾ കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തഊഖ് അൽ മർറി പറഞ്ഞു. ഇന്നവർ സാമ്പത്തിക വളർച്ചയിൽ ഒഴിച്ചുകൂടാനാവാത്ത പങ്കാളികളും യു.എ.ഇയുടെ ആഗോള മത്സരക്ഷമതക്ക് അത്യന്താപേക്ഷിതവുമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.