അബൂദബി: സുസ്ഥിര പരിസ്ഥിതി വികസനത്തിന് രാജ്യത്ത് നാഴികക്കല്ലായി മാറുന്ന ദൗത്യത്തിൽ അബൂദബി മുന്നോട്ട്. അബൂദബി കണ്ടൽക്കാട് ദൗത്യത്തിന്റെ ആദ്യഘട്ടമായി ഡ്രോണുകളുപയോഗിച്ച് 10 ലക്ഷം കണ്ടൽ വിത്തുകളാണ് നട്ടത്. അബൂദബി പരിസ്ഥിതി ഏജൻസിയുടെ നേതൃത്വത്തിലായിരുന്നു ഡ്രോണുകൾ ഉപയോഗിച്ച് കണ്ടൽവിത്തുകൾ വിതച്ചത്. കേംബ്രിജ് ഡ്യൂക് വില്യം രാജകുമാരൻ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ യു.എ.ഇ സന്ദർശിച്ച വേളയിലായിരുന്നു അബൂദബി കണ്ടൽക്കാട് പദ്ധതി പ്രഖ്യാപിച്ചത്.
കണ്ടൽ സംരക്ഷണത്തിൽ അബൂദബിയെ ആഗോള ഗവേഷണ ഹബ്ബായി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി അബൂദബി പരിസ്ഥിതി ഏജൻസി പ്രാദേശികവും അന്തർദേശീയവുമായ പങ്കാളികളുടെ സഹകരണത്തോടെയാണ് കണ്ടൽ ദൗത്യം നടപ്പാക്കിവരുന്നത്. 100 ദശലക്ഷം കണ്ടൽമരങ്ങൾ വെച്ചുപിടിപ്പിക്കുകയെന്ന കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയത്തിന്റെ ലക്ഷ്യത്തെ പിന്തുണക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നൂറുകണക്കിന് പക്ഷികൾക്കും കണ്ടൽക്കാടുകൾ സുരക്ഷിതമായ ഇടമൊരുക്കി നൽകുന്നുണ്ട്. ജൈവവൈവിധ്യത്തിനു സഹായകമാവുന്ന കണ്ടൽക്കാടുകൾ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും വഴിയൊരുക്കും.
മനുഷ്യാധ്വാനം കുറക്കുന്നതിനും ചെലവു ചുരുക്കുന്നതിനും വിദൂരമേഖലകളിൽ കണ്ടൽവിത്തുകൾ വിതക്കുന്നതിനുമായാണ് പദ്ധതിയിൽ ഡ്രോണുകളെ ഉൾപ്പെടുത്തിയത്. 2020ൽ ഡ്രോണുകൾ ഉപയോഗിച്ചു നടത്തിയ വിത്തുവിതക്കലിൽ 48 ശതമാനം വിജയംകണ്ടതോടെയാണ് കൂടുതൽ മേഖലകളിൽ 10 ലക്ഷം കണ്ടൽതൈകൾ വെച്ചുപിടിപ്പിക്കുകയെന്ന തീരുമാനം അധികൃതർ കൈക്കൊണ്ടത്.
10 വർഷത്തിനിടെ അബൂദബിയിൽ 15 ലക്ഷത്തിലേറെ കണ്ടൽമരങ്ങളാണ് വെച്ചുപിടിപ്പിച്ചത്. ഇതിലൂടെ അബൂദബിയിലെ കണ്ടൽക്കാടുകൾ 35 ശതമാനം വർധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.