ഷാർജ: മഞ്ജു റോക്ക്ഡ്! സർവം മഞ്ജുമയമായിരുന്നു ഇന്നലെ ഷാർജ എക്സ്പോ സെന്‍ററിൽ. ആയിരങ്ങൾ ഒഴുകിയെത്തിയ 'ഗൾഫ് മാധ്യമം കമോൺ കേരള'യുടെ രണ്ടാം ദിനം അക്ഷരാർഥത്തിൽ മഞ്ജു വാര്യരുടെ ആരാധകരുടെ ആറാട്ടായി. മഞ്ജു അഭിനയിച്ച ചിത്രങ്ങൾ കോർത്തിണക്കിയുള്ള കുട്ടികളുടെ നൃത്താവിഷ്കാരവും ഗാനാവതരണവുമായി ഷാർജയുടെ ചരിത്രത്തിലെ അവിസ്മരണീയ രാവായി മാറി 'കമോൺ കേരള'യുടെ ഭാഗമായി നടന്ന മഞ്ജുവസന്തം.
മലയാളികൾ ലേഡി സൂപ്പർ സ്റ്റാറെന്ന് ആരെയെങ്കിലും വിളിക്കുന്നുണ്ടെങ്കിൽ അത് മഞ്ജു വാര്യരെ മാത്രമാണെന്ന് തെളിയിക്കുന്നതായിരുന്നു സദസ്സിന്‍റെ ആവേശം. സ്ക്രീനിൽ മിന്നിമറഞ്ഞ 'കണ്ണെഴുതി പൊട്ടുംതൊട്ടി'ലെ ഭദ്രയെയും 'ആറാം തമ്പുരാനി'ലെ ഉണ്ണിമായയെയും 'സമ്മർ ഇൻ ബത്ലഹേമി'ലെ ആമിയെയും 'കന്മ'ദത്തിലെ ഭാനുവിനെയുമൊക്കെ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് വരവേറ്റത്. മഞ്ജുവിന്‍റെ സിനിമയിലെ ഡയലോഗുകളും പാട്ടുകളും ഉൾപ്പെടുത്തി കൊച്ചുകുട്ടികൾ അവതരപ്പിച്ച നൃത്താവിഷ്കാരം വേറിട്ട കാഴ്ചയായി. കുട്ടികളുടെ പ്രകടനം ആസ്വദിച്ച മഞ്ജു 'കിം കിം കിം' എന്ന ഗാനത്തിന് കുട്ടികൾക്കൊപ്പം ചുവടുവെച്ചും പാടിയും ആവേശക്കാഴ്ചയായി.
പ്രവാസിമലയാളികൾ എപ്പോഴും ഹൃദ്യമായ സ്വീകരണമാണ് തനിക്ക് നൽകിയിട്ടുള്ളതെന്നും വീണ്ടും അതേറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മഞ്ജു പറഞ്ഞു. 'അതിന് തീർച്ചയായും 'മാധ്യമ'ത്തോട് നന്ദി പറയുന്നു. കേരളത്തിന്‍റെ വായനസംസ്കാരത്തിൽ നിർണായക സ്വാധീനംവഹിക്കുന്ന 'മാധ്യമം' സംഘടിപ്പിക്കുന്ന പരിപാടികളിൽ ഏറെ സന്തോഷത്തോടെയാണ് ഞാൻ പങ്കെടുക്കാറുള്ളത്. നാട്ടിലും ഗൾഫിലും 'മാധ്യമം' സംഘടിപ്പിച്ച പരിപാടികൾ വളരെ ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. മസ്കത്തിൽ 'ഗൾഫ് മാധ്യമം' സംഘടിപ്പിച്ച മധുരമെൻ മലയാളം പരിപാടിയിലും തിരൂരിൽ 'മാധ്യമം' സംഘടിപ്പിച്ച ലിറ്റററി ഫെസ്റ്റിലുമൊക്കെ പങ്കെടുക്കാൻ കഴിഞ്ഞതിലെ സന്തോഷം ഇവിടെ പങ്കുവെക്കുകയാണ്. പിന്നെ ഇവിടെ വന്നുനിന്ന് 'ഗൾഫ് മാധ്യമ'ത്തെ കുറിച്ച് അധികമൊന്നും പറയേണ്ടതില്ലല്ലോ.
രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ മുതൽ ഓരോ പ്രവാസി മലയാളിയുടെയും ജീവിതവുമായി ബന്ധപ്പെട്ട് നിൽക്കുന്ന പത്രമാണ് 'ഗൾഫ് മാധ്യമം'. ജി.സി.സിയിൽ എല്ലായിടത്തും പുലർച്ചെതന്നെ മലയാളികളുടെ വീട്ടുപടിക്കലെത്തുന്ന മറ്റൊരു മലയാളപത്രവുമില്ല' -മഞ്ജു പറഞ്ഞു.
മിഥുൻ അവതാരകനായി. 'രാത്തിങ്കൾ പൂത്താലി ചാർത്തി', 'പാടി തൊടിയിലേതോ', മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ', 'വരമഞ്ഞളാടിയ' തുടങ്ങിയ മഞ്ജു വാര്യർ സിനിമകളിലെ ഗാനങ്ങളടക്കമുള്ളവ പാടി വിധു പ്രതാപ്, രമ്യ നമ്പീശൻ, രാജലക്ഷ്മി, ജാസിം ജമാൽ തുടങ്ങിയവർ സദസ്സിനെ കൈയിലെടുത്തു. അവസാനദിനത്തിൽ സിതാര കൃഷ്ണകുമാർ, ആൻ ആമി, അഖ്ബർ ഖാൻ, ജ്ഞാന ശേഖർ, മിഥുൻ ജയരാജ്, റംസാനും അരങ്ങിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.