ഷാർജ: അശ്ലീല ചിത്രങ്ങൾ ഉപയോഗിച്ച് പരസ്യം ചെയ്യുന്ന മസാജ് പാർലറുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി ഷാർജ പൊലീസ്. ഇത് സംബന്ധിച്ച് ഷാർജ പൊലീസ് സമർപ്പിച്ച നടപടികൾക്ക് എമിറേറ്റ് കൺസൾട്ടേറ്റിവ് കൗൺസിൽ അംഗീകാരം നൽകി.
അശ്ലീലമായ പരസ്യങ്ങൾ ഉപയോഗിച്ചാൽ മസാജ് പാർലറുകൾക്ക് പിഴ ചുമത്താനാണ് തീരുമാനം. അതോടൊപ്പം യാചകർ, ഒളിച്ചോടുന്ന തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ എന്നിവർക്കെതിരെയും നടപടി കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. മയക്കുമരുന്നിന് അടിമകളായവർക്കായി ഒരു പുനരധിവാസ കേന്ദ്രം നിർമിക്കാനും കൗൺസിൽ അംഗീകാരം നൽകി.
സാമൂഹിക ജീവിതം മെച്ചപ്പെടുത്തുന്നതും ശരിയല്ലാത്ത പ്രവണതകൾ ഒഴിവാക്കുന്നതും ലക്ഷ്യമിട്ടാണ് നടപടികൾ.
അപകടങ്ങൾ കുറക്കുന്നതിന് ഡെലിവറി റൈഡർമാർക്ക് പ്രത്യേക പരിശീലനം നൽകാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഡെലിവറി വാഹനങ്ങളുടെ അപകടം വർധിച്ച സാഹചര്യത്തിലാണിത്. ഗതാഗതക്കുരുക്ക് നിരീക്ഷിക്കാനും അപകട ഹോട്ട് സ്പോട്ടുകൾ കണ്ടെത്താനുമായി സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗിക്കാൻ എമിറേറ്റ് റോഡ്സ് അതോറിറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യും. മികച്ച അന്താരാഷ്ട്ര രീതികൾ പിന്തുടരുന്ന ആംബുലൻസ് സംവിധാനം രൂപപ്പെടുത്താനും അംഗീകാരം ലഭിച്ചിട്ടുണ്ട്.
കാറുകളിലും മറ്റും ബിസിനസ് കാർഡുകൾ നിക്ഷേപിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്ന ലൈസൻസില്ലാത്ത മസാജ് സെന്ററുകൾക്കെതിരെ ഫെബ്രുവരിയിൽ ദുബൈ അധികൃതരും നടപടി ശക്തമാക്കിയിരുന്നു. നടപടിയുടെ ഭാഗമായി നൂറുകണക്കിന് പേർ അറസ്റ്റിലാവുകയും 3,000ത്തിലധികം ഫോൺ നമ്പറുകൾ വിച്ഛേദിക്കുകയും ചെയ്തിരുന്നു.
കൊള്ളയടിക്കപ്പെടാനും ബ്ലാക്ക്മെയിൽ ചെയ്യപ്പെടാനും സാധ്യതയുള്ളതിനാൽ അനധികൃത മസാജ് സെന്ററുകളെ സമീപിക്കരുതെന്നും ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.