സ്‌ഫോടനത്തിൽ തകർന്ന കെട്ടിടം

അബൂദബി എയർപോർട്ട് റോഡിലെ റെസ്റ്റോറൻറിൽ വൻ ഗ്യാസ് സ്‌ഫോടനം; രണ്ടു മരണം

അബൂദബി: തലസ്ഥാന നഗരിയിലെ എയർപോർട്ട് റോഡിലെ (റാഷിദ് ബിൻ സായിദ് സ്ട്രീറ്റ്) റെസ്​റ്റോറൻറിൽ തിങ്കളാഴ്ച രാവിലെ  വാതക ലൈനിലെ ചോർച്ചയെ തുടർന്നുണ്ടായ വൻ സ്‌ഫോടനത്തിൽ രണ്ട്​ മരണം. ഗ്യാസ് പൈപ്പ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കെട്ടിടത്തിന്റെ താഴെനില ഭാഗികമായി തകരുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്ത. പരിക്കേറ്റവരെ പൊലീസ് ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി.

എയർപോർട്ട് റോഡിലെ താഴെ നിലയിലുള്ള ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിൽ രാവിലെ 10.31 ഓടെയായിരുന്നു സ്‌ഫോടനം. ഗ്യാസ് ഇൻസ്റ്റാലേഷൻ ഉണ്ടായ ലീക്കിനെ തുടർന്നാണ് വൻ സ്‌ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 

റെസ്റ്റോറന്റിലെ ജീവനക്കാരെയും കെട്ടിടത്തിലെ താമസക്കാരെയും അബൂദബി പൊലീസ് അടിയന്തിരി പൊതു സുരക്ഷ ഡയറക്ടറേറ്റിനു കീഴിൽ സംഭവ സ്ഥലത്തു നിന്നും സുരക്ഷിതമായി ഒഴിപ്പിച്ചു. നാലു കിലോമീറ്റർ ചുറ്റളവിൽ സ്‌ഫോടനത്തെ തുടർന്ന് വൻ പ്രകമ്പനവും കുലുക്കവും ഉണ്ടായതായി സമീപത്തെ കെട്ടിടങ്ങളിലെ താമസക്കാരും ഓഫീസുകളിലെ ജീവനക്കാരും പറഞ്ഞു. സംഭവത്തിൽ റെസ്റ്റോറന്റിനു കാര്യമായ നാശനാഷ്ടം സംഭവിച്ചു. 

സ്‌ഫോടനത്തെക്കുറിച്ച് അബൂദബി പൊലീസ് അടിയന്തിര പൊതു സുരക്ഷ ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നുണ്ട്. സ്‌ഫോടനം സംബന്ധിച്ച് ഫോണിൽ വിവരം ലഭിച്ച ഉടനെ പൊലീസ് സ്ഥലത്തെത്തി സുരക്ഷാ നടപടികൾ നടത്തുകയും കെട്ടിടത്തിൽ നിന്നുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പോലീസ് സംഭവ സ്ഥലത്ത് പ്രത്യേകം ബാരിക്കേഡു സ്ഥാപിച്ചു. എയർപോർട്ട് റോഡുമായി ബന്ധിപ്പിക്കുന്ന ഹസ്സ ബിൻ സായിദ് റോഡിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചതായി പൊലീസ് ട്വിറ്ററിൽ അറിയിച്ചു.

സ്‌ഫോടനത്തെത്തുടർന്ന് റെസ്റ്റോറന്റും കെട്ടിടത്തിന്റെ താഴത്തെ നിലയും പൂർണമായും അടച്ചു. കെട്ടിടത്തിനു സമീപം പാർക്ക് ചെയ്തിരുന്ന ഒട്ടേറെ വാഹനങ്ങൾക്കും സ്‌ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.