ദുബൈ: കായിക മേഖലയിലെ സംഭാവനക്ക് ദുബൈ നൽകുന്ന മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ക്രിയേറ്റിവ് സ്പോർട്സ് അവാർഡ് വിതരണം ഞായറാഴ്ച നടക്കും. പാകിസ്താൻ പ്രധാനമന്ത്രിയും മുൻ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ഇംറാൻ ഖാനാണ് ഇൻറർനാഷനൽ സ്പോർട്സ് പേഴ്സനാലിറ്റി ഓഫ് ദ ഇയറായി തെരഞ്ഞെടുത്തത്. ഖത്തർ ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജാൻ ബിൻ ഹമദ് അൽ താനിയെ അറബ് സ്പോർട്സ് പേഴ്സനാലിറ്റി പുരസ്കാരത്തിനും അർഹനായി. എക്സ്പോ വേദിയിലാണ് പുരസ്കാര സമർപ്പണ ചടങ്ങ് നടക്കുന്നത്.
വിജയികളെ അഭിനന്ദിക്കുന്നതായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. യു.എ.ഇയിലും ലോകമെമ്പാടുമുള്ള കായിക വികസനത്തിനും സംഭാവന നൽകിയ എല്ലാവരുടെയും പ്രയത്നങ്ങളെ അഭിനന്ദിക്കുന്നു. കായിക രംഗത്ത് അതീവ ശ്രദ്ധ നൽകുന്ന നാടാണ് ദുബൈ. ഓരോരുത്തരുടെയും സർഗാത്മകത വികസനത്തിന് എല്ലാവിധ പിന്തുണകളും നൽകുന്നതായും ഹംദാൻ പറഞ്ഞു.
പാകിസ്താനെ ലോകക്രിക്കറ്റ് ഭൂപടത്തിലെ ശക്തിയാക്കി മാറ്റിയത് വിലയിരുത്തിയാണ് ഇംറാൻ ഖാനെ ആദരിക്കുന്നത്. പ്രധാനമന്ത്രിയായപ്പോഴും യുവപ്രതിഭകൾക്ക് പ്രോത്സാഹനം നൽകുന്ന നടപടികളാണ് ഇംറാന്റേതെന്ന് സംഘാടകർ പറഞ്ഞു. 2019ൽ 639 ദശലക്ഷം ഡോളറിന്റെ പദ്ധതി യുവജനങ്ങൾക്കായി ഇംറാൻ ഖാൻ പ്രഖ്യാപിച്ചിരുന്നു. സ്പോർട്സിലെ സ്കോളർഷിപ്, സ്കിൽ ഡെവലപ്മെൻറ് സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിനാണ് ഇത്രയും വലിയ തുക മാറ്റിവെച്ചത്. പാകിസ്താനിലെ 4000ൽ അധികം ഗ്രാമങ്ങളിൽ ക്രിക്കറ്റ് ഗ്രൗണ്ടുകൾ നിർമിക്കുന്ന പദ്ധതി കഴിഞ്ഞ ജൂണിൽ പ്രഖ്യാപിച്ചു.
2015 മുതൽ ഖത്തർ ഒളിമ്പിക്സ് കമ്മിറ്റിയുടെ തലപ്പത്തിരുന്നുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ശൈഖ് ജാൻ ബിൻ ഹമദ് അൽ താനിയെ അറബ് സ്പോർട്സ് പേഴ്സനാലിറ്റി പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഒളിമ്പിക്സിൽ ഖത്തറിന്റെ ഏറ്റവും മികച്ച പ്രകടനമാണ് കഴിഞ്ഞ വർഷം കണ്ടത്. 2015ലെ വേൾഡ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ് ഖത്തറിൽ നടന്നപ്പോൾ സംഘാടക സമിതിയുടെ തലപ്പത്ത് അൽ താനിയായിരുന്നു. 2030ലെ ഏഷ്യൻ ഗെയിംസിന് ഖത്തറിന് അവകാശം നേടിക്കൊടുക്കുന്നതിലും അദ്ദേഹം മുഖ്യപങ്ക് വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.