ദുബൈ: മേഖലയിലെ ഏറ്റവും നൂതനമായ ഇമേജിങ് സാറ്റലൈറ്റായ എം.ബി.ഇസഡ് അടുത്ത വർഷം വിക്ഷേപിക്കും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പേരിലുള്ള സാറ്റലൈറ്റ് ദുബൈ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലാണ് ഒരുങ്ങുന്നത്.
800 കിലോ ഭാരം വരുന്ന സാറ്റലൈറ്റ് സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റിലാണ് വിക്ഷേപിക്കുക. ഒരുക്കങ്ങളുടെ ചിത്രങ്ങൾ സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സാലിം അൽ മർറി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.
അറബ് മേഖലയിൽ ഇതുവരെ വിക്ഷേപിക്കപ്പെട്ട സാറ്റലൈറ്റുകളിൽ വലുതും മികച്ച സംവിധാനവുമുള്ള ഉപഗ്രഹമാണിത്. ഭൂമിയുടെ 500 കിലോമീറ്റർ മുകളിൽനിന്ന് ചിത്രങ്ങളെടുക്കാൻ സാധിക്കുന്ന ഹൈ റെസല്യൂഷൻ കാമറ അടങ്ങിയ വൻ ടെലിസ്കോപ് സാറ്റലൈറ്റിനുണ്ട്. 2018ൽ യു.എ.ഇ വിക്ഷേപിച്ച ആദ്യ സാറ്റലൈറ്റായ ഖലീഫ-സാറ്റിനേക്കാൾ മൂന്നിരട്ടി കാര്യക്ഷമതയുണ്ട് ഇതിന്. നിലവിൽ ലഭിക്കുന്നതിന്റെ പത്തിരട്ടി ഗുണനിലവാരമുള്ള ചിത്രങ്ങളെടുക്കാൻ കഴിയും. ബഹിരാകാശത്ത് ശക്തമായ ഭൗമനിരീക്ഷണ ഉപഗ്രഹസംവിധാനം ഒരുക്കലാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രാദേശികമായ സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് ഇത് നിർമിച്ചത്. എം.ബി.ആർ.എസ്.സി അഞ്ച് സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് എം.ബി.ഇസെഡ്-സാറ്റ് നിർമിച്ചത്. ട്രാറ്റ, ഇ.പി.ഐ, റോക്ക്ഫോഡ് സെലെറിക്സ്, ഹാൽക്കൺ, ഫാൽക്കൺ എന്നിവ ഇതുമായി സഹകരിക്കുന്നു.
ആഭ്യന്തര ബഹിരാകാശ വ്യവസായത്തിന് കരുത്ത് പകരുന്നതാവും പദ്ധതി. കാലാവസ്ഥ വ്യതിയാനം, ജല ഗുണനിലവാരം, കാർഷിക വികസനം തുടങ്ങിയവയിൽ പരീക്ഷണ, നിരീക്ഷണങ്ങൾ നടത്താൻ എം.ബി.ഇസഡിന് കഴിയുമെന്ന് സാലിം അൽ മർറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.