ദുബൈ: വിക്ഷേപണത്തിന് തയാറെടുക്കുന്ന അതിനൂതന ഉപഗ്രഹമായ എം.ബി.ഇസെഡ്-സാറ്റിന്റെ പ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ (എം.ബി.ആർ.എസ്.സി) സന്ദർശിച്ചാണ് പുതിയ ബഹിരാകാശ ദൗത്യങ്ങൾ അദ്ദേഹം വിലയിരുത്തിയത്.
യു.എ.ഇ പ്രസിഡന്റിന്റെ പേരിലുള്ള ഉപഗ്രഹം പൂർണമായും വികസിപ്പിച്ചത് എം.ബി.ആർ.എസ്.സിയിലെ ഇമാറാത്തി ശാസ്ത്രജ്ഞ സംഘമാണ്. വരുന്ന ഒക്ടോബറിന് മുമ്പ് സ്പേസ് എക്സ് റോക്കറ്റിൽ ഉപഗ്രഹം വിക്ഷേപിക്കാനാണ് എം.ബി.ആർ.എസ്.സിയുടെ തീരുമാനം.
എം.ബി.ആർ.എസ്.സിയിലെ ഉദ്യോഗസ്ഥരുമായും ശാസ്ത്രജ്ഞരുമായും കൂടിക്കാഴ്ച നടത്തിയ ശൈഖ് മുഹമ്മദ്, ഉപഗ്രഹത്തിന്റെ പരിസ്ഥിതി പരിശോധന വിജയകരമായി പൂർത്തിയാക്കിയാൽ അന്തിമ വിക്ഷേപണ തയാറെടുപ്പുകൾ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചു.ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യാരംഗത്ത് ലോകത്തെ പ്രധാന രാജ്യങ്ങളിൽ ഒന്നായി യു.എ.ഇ ഇതിനകം മാറിക്കഴിഞ്ഞതായി ശൈഖ് മുഹമ്മദ് പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്തുള്ള മുൻനിര രാജ്യങ്ങൾക്കിടയിൽ യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്താനും ഇമാറാത്തി പ്രതിഭകളുടെ വർധിച്ചുവരുന്ന കഴിവുകൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് നടത്തിയ പരിശ്രമങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ ആസ്ട്രോനറ്റ് പ്രോഗ്രാമിന്റെ വികസന പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തി.
നാസയിൽ രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കിയ ബഹിരാകാശ സഞ്ചാരികളായ നൂറ അൽ മത്രൂഷിയും മുഹമ്മദ് അൽ മുല്ലയുമാണ് യു.എ.ഇ ആസ്ട്രോനറ്റ് പ്രോഗ്രാമിനെക്കുറിച്ച് ശൈഖ് മുഹമ്മദിന് വിശദീകരിച്ചു നൽകിയത്.
മനുഷ്യന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതിനും നൂതനമായ ഇത്തരം കണ്ടുപിടിത്തങ്ങൾ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. അറബ് ലോകത്ത് ഏറ്റവും നൂതനമായ ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്നതിനായി
പ്രവർത്തിക്കുന്ന എം.ബി.ആർ.എസ്.സി ടീമിനെ അദ്ദേഹം അഭിനന്ദിച്ചു. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം, കാബിനറ്റ് അഫയേഴ്സ് മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി, ഡെപ്യൂട്ടി ചീഫ് ഓഫ് പൊലീസ് ലഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമിം, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.