ഷാർജ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് സഫാരി മാളുമായി ചേർന്ന് മീഡിയവൺ സംഘടിപ്പിക്കുന്ന ഈശി ബിലാദി ആഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം ചെയ്തു. സഫാരി ഗ്രൂപ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ് എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.
മുവൈലയിലെ സഫാരി മാളിലായിരുന്നു പരിപാടി. ഡിസംബർ രണ്ടിലെ യു.എ.ഇ ദേശീയ ദിനം സമുചിതമായി കൊണ്ടാടുന്നതിന്റെ ഭാഗമായാണ് മീഡിയവൺ ഈശി ബിലാദി എന്ന പേരിൽ ആഘോഷം സംഘടിപ്പിക്കുന്നത്. നവംബർ 29ന് ഷാർജ മുവൈലയിലെ ഇവന്റ് ഹാൾ പരിപാടിക്ക് വേദിയാകും.
വൈകീട്ട് ആറു മുതൽ ഒമ്പതു വരെയാണ് ചടങ്ങുകൾ. ഈ വർഷം മുതൽ ഈദ് അൽ ഇത്തിഹാദ് എന്ന പേരിലാണ് ദേശീയ ദിനാഘോഷ പരിപാടികൾ നടക്കുന്നത്.
നാലു മുതൽ ഏഴു വരെ വയസ്സുള്ള കുട്ടികൾക്കായി കളറിങ്, എട്ടു മുതൽ 14 വരെ വയസ്സുള്ള കുട്ടികൾക്കായി ഡ്രോയിങ്, മൂന്നു മുതൽ എട്ടു വരെ വയസ്സുള്ള കുട്ടികൾക്കായി കിഡ്സ് ട്രഡീഷനൽ ഫാഷൻ ഷോ, സ്കൂളുകൾക്കായി ദേശീയ ഗാന ബാൻഡ് മേളം, എല്ലാ പ്രായക്കാർക്കുമുള്ള മൈലാഞ്ചിയിടൽ എന്നീ മത്സരങ്ങൾ അരങ്ങേറും.
പരിപാടിയിൽ ഇന്ത്യ -യു.എ.ഇ സംസ്കാരിക മേഖലയിൽ സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും. ലോഗോ പ്രകാശനച്ചടങ്ങിൽ മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഓപറേഷൻ മേധാവി എം.സി.എ നാസർ, പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ഷിനോജ് കെ. ഷംസുദ്ദീൻ, യു.എ.ഇ-ഒമാൻ റീജനൽ ഹെഡ് ഷഫ്നാസ് അനസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.