ഷാർജ: ഷീസ് ടൂറിസ്റ്റ് മേഖലയിൽ സന്ദർശകർക്കും നിവാസികൾക്കും തടസ്സമില്ലാത്ത സേവനങ്ങൾ നൽകുന്നതിനായി ഷാർജ പൊലീസ് മൊബൈൽ പൊലീസ് സ്റ്റേഷൻ തുറന്നു. ഷീസ് പാർക്ക്, ഷീസ് മാർക്കറ്റ്, അൽ റഫീസ ഡാം റെസ്റ്റ് ഏരിയ തുടങ്ങിയ ആകർഷണങ്ങൾ ഉൾപ്പെടുന്ന പ്രദേശത്ത് ശൈത്യകാലത്ത് സന്ദർകരുടെ വൻ തിരക്കാണ് അനുഭവപ്പെടാറ്.
സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്ത് നഗര കവാടത്തിലും ഷീസ് ടൂറിസ്റ്റ് മേഖലകളിലും മൊബൈൽ പൊലീസ് പട്രോളിങ് നടത്തും. അടിയന്തര ഘട്ടങ്ങളിൽ സഹായമെത്തിക്കുകയും നിർദേശങ്ങൾ നൽകുകയുമാണ് മൊബൈൽ പൊലീസിന്റെ പ്രധാന ദൗത്യം. കൂടാതെ സന്ദർശകരിൽനിന്നുള്ള അന്വേഷണങ്ങൾക്ക് പൊലീസ് മറുപടി നൽകുകയും അവർക്ക് വേണ്ട നിർദേശങ്ങളും വിവരങ്ങളും കൈമാറുകയും ചെയ്യും.
വിഷയം സങ്കീർണമാണെങ്കിൽ അത്തരം കേസുകൾ ഖോർഫക്കാൻ സ്റ്റേഷനിലേക്ക് കൈമാറും. സന്ദർശകരുടെയും പ്രദേശവാസികളുടെയും സുരക്ഷക്കാണ് ഷാർജ പൊലീസ് മുൻഗണന നൽകുന്നതെന്ന് ഷാർജ പൊലീസിന്റെ കിഴക്കൻ മേഖല പൊലീസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. അലി അൽകെ അൽ ഹമൂദി പറഞ്ഞു.
മഴക്കാലങ്ങളിൽ പൊതുജനങ്ങളിൽ സുരക്ഷ അവബോധമുണ്ടാക്കുന്നതിൽ മൊബൈൽ പൊലീസ് സ്റ്റേഷന് നിർണായകമായ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയം ഉൾപ്പെടെ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ നൽകാനും മൊബൈൽ പൊലീസ് സഹായകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.