ദുബൈ: യു.എ.ഇ പൊതുമാപ്പ് നീട്ടുന്നതിനുമുമ്പ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു. ഔട്ട് പാസ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു നേരത്തെയുള്ള നിർദേശം.
എന്നാൽ, ഡിസംബർ 31നുമുമ്പ് ഇവർ രാജ്യം വിട്ടാൽ മതിയെന്നാണ് പുതിയ നിർദേശം. നേരത്തെ ഔട്ട് പാസ് നേടിയവരുടെ കാലാവധി കമ്പ്യൂട്ടറിൽ പുതുക്കിയിട്ടുണ്ടെന്നും രാജ്യം വിടാൻ രേഖപ്പെടുത്തിയ തീയതി അടങ്ങിയ പേപ്പർ വീണ്ടും മാറ്റേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.
എന്നാൽ, ഡിസംബർ 31 വരെ കാത്തിരിക്കരുത്. അടുത്തമാസം വരെ കാത്തിരുന്നാൽ ടിക്കറ്റ് നിരക്ക് ഉയരാൻ ഇടയുണ്ട്. ഇതോടെ പൊതുമാപ്പ് ലഭിച്ചാലും നാട്ടിലേക്ക് പോകാനാവാത്ത സാഹചര്യം ഉണ്ടാകുമെന്നും ദുബൈ ജി.ഡി.ആർ.എഫ്.എ അമർ കസ്റ്റമർ ഹാപ്പിനെസ്സ് ഡയറക്ടർ ലഫ്റ്റനന്റ് സാലിം ബിൻ അലി പറഞ്ഞു.
സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെയാണ് ആദ്യഘട്ടത്തിൽ പൊതുമാപ്പ് കാലാവധി ഉണ്ടായിരുന്നത്. പിന്നീട് ഒക്ടോബർ അവസാനത്തിൽ പൊതുമാപ്പ് കേന്ദ്രങ്ങളിൽ അനുഭവപ്പെട്ട വലിയ തിരക്ക് പരിഗണിച്ച് വീണ്ടും സമയപരിധി ഡിസംബർ 31 വരെ നീട്ടുകയായിരുന്നു.
വിസ രേഖകൾ ശരിയാക്കാത്തവർ വേഗത്തിൽ പുതിയ വിസയിലേക്ക് മാറുകയോ എക്സിറ്റ് പെർമിറ്റ് നേടി രാജ്യം വിടുകയോ ചെയ്യണമെന്ന് ലഫ്. കേണൽ സാലിം ബിൻ അലി അഭ്യർഥിച്ചു. ഡിസംബർ 31നു ശേഷം ഇക്കാര്യത്തിൽ ഒരു ആനുകൂല്യവും പ്രതീക്ഷിക്കേണ്ടതില്ല.
നിയമവിധേയമല്ലാതെ രാജ്യത്ത് തുടർന്നാൽ കർശനമായ നടപടി ഉണ്ടാകുമെന്നും ഇത്തരക്കാരെ ജോലിക്ക് വെക്കുന്നത് വലിയ കുറ്റമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഔട്ട് പാസ് ലഭിച്ചവർക്ക് ജോലി ലഭിച്ചാല്‍ പുതിയ വിസക്ക് അപേക്ഷിക്കുമ്പോൾ അത് സ്വയമേവ റദ്ദാക്കപ്പെടും. പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം പരിശോധന കര്‍ശനമാക്കുമെന്ന് ജി.ഡി.ആർ.എഫ്.എയിലെ നിയമലംഘകരുടെയും വിദേശികളുടെയും ഫോളോ-അപ് വിഭാഗം അന്വേഷണ കാര്യ- ഡെപ്യൂട്ടി അസി. ഡയറക്ടര്‍ കേണല്‍ അബ്ദുല്ല അതീഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.