അബൂദബി: മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് പുരസ്കാരം സ്വീകരിച്ച് വിദ്യാർഥികൾ. അബൂദബി യൂനിവേഴ്സിറ്റിയിൽ നടന്ന പ്രൗഢമായ ചടങ്ങ് യൂനിവേഴ്സിറ്റി പ്രോവോസ്റ്റ് പ്രഫ. ബാരി ഒ മഹോനി ഉദ്ഘാടനം ചെയ്തു.
മുന്നൂറിലേറെ വിദ്യാർഥികൾ പുരസ്കാരം സ്വീകരിച്ചു. രക്ഷിതാക്കൾ അടക്കം ആയിരത്തിലേറെ പേർ പരിപാടി വീക്ഷിക്കാനെത്തി. ദുബൈക്കുശേഷം യു.എ.ഇയിലെ രണ്ടാമത്തെ പുരസ്കാരവേദിയായിരുന്നു അബൂദബിയിലേത്. കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് വിദ്യാർഥികളുടെ പുരസ്കാര നേട്ടമെന്ന് പ്രഫ. ബാരി പറഞ്ഞു. അബൂദബി യൂനിവേഴ്സിറ്റി അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദേശ യൂനിവേഴ്സിറ്റികളുമായി സഹകരിച്ച് നിരവധി വിദ്യാഭ്യാസ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.
ആസ്ട്രേലിയ, കാനഡ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകളുമായി സഹകരിച്ചാണ് യൂനിവേഴ്സിറ്റി പ്രവർത്തിക്കുന്നത്. പുതിയ കാലത്ത് വിദ്യാർഥികൾക്ക് ഈ അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്താനാകും.- അദ്ദേഹം കൂട്ടിച്ചേർത്തു.
പുരസ്കാര ചടങ്ങ് നടത്തിയ മീഡിയവണിനെ മുക്തകണ്ഠം പ്രശംസിക്കുന്നതായി മുഖ്യപ്രഭാഷണം നിർവഹിച്ച ഡോ. ഠാക്കൂർ മുൽചന്ദാനി പറഞ്ഞു. നിങ്ങളുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കരുത്. മികവിനു വേണ്ടിയുള്ള കഠിനാധ്വാനം തുടരുക.
പുതിയ നൂറ്റാണ്ടിൽ എല്ലാം സാധ്യമാണ്- അദ്ദേഹം കൂട്ടിച്ചേർത്തു. അബൂദബി യൂനിവേഴ്സിറ്റി ഡീൻ ശ്രീതി നായർ, യു.എ.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് ഡോ. ഠാക്കൂർ മുൽചന്ദാനി, ഇന്ത്യൻ ഇസ്ലാമിക് സെന്റർ സെക്രട്ടറി ഹിദായത്തുല്ല, ഹിറ്റ് എഫ്.എം ആർ.ജെ ഡോണ സെബാസ്റ്റ്യൻ, മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട്, മീഡിയവൺ ജി.സി.സി ഓപറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഹെഡ് സവാബ് അലി, മിഡിലീസ്റ്റ് എഡിറ്റോറിയൽ ഓപറേഷൻ മേധാവി എം.സി.എ. നാസർ, യു.എ.ഇ-ഒമാൻ റീജനൽ ഹെഡ് ഷഫ്നാസ് അനസ് എന്നിവർ വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ അസ്യാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നറുക്കെടുപ്പിലൂടെ നൽകിയ ഡയമണ്ട് റിങ് ചടങ്ങിൽ സമ്മാനിച്ചു. അജ്മാനില്‍ 29 നാണ് യു.എ.ഇയിലെ മൂന്നാമത്തെ അവസാനത്തെയും പുരസ്കാരവിതരണ ചടങ്ങ്. നോര്‍ത്ത് ഗ്രേറ്റ് ബ്രിട്ടീഷ് സ്കൂളാണ് പരിപാടിക്ക് വേദിയാകുക. യു.എ.ഇ സ്കൂളുകളില്‍നിന്ന് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രവാസി വിദ്യാർഥികളെയാണ് മീഡിയവണ്‍ ആദരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.