ദുബൈ: മീഡിയവൺ ‘മബ്റൂഖ് ഗൾഫ് ടോപ്പേഴ്സിന്റെ’ മൂന്നാംഘട്ട പുരസ്കാരങ്ങൾ ഇന്ന് അജ്മാനിൽ വിതരണം ചെയ്യും. അജ്മാൻ അൽതല്ലയിലെ ഹാബിറ്റാറ്റ് സ്കൂളിലാണ് ചടങ്ങ്. നാനൂറിലേറെ വിദ്യാർഥികൾ ആദരം ഏറ്റുവാങ്ങും. അജ്മാൻ അൽതല്ല ഹാബിറ്റാറ്റ് സ്കൂളിൽ വൈകീട്ട് മൂന്നിന് പുരസ്കാര ജേതാക്കളുടെ രജിസ്ട്രേഷൻ ആരംഭിക്കും.
അജ്മാൻ ചേംബർ ഓഫ് കോമേഴ്സ് വൈസ് ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ സഖർ റാശിദ് ആൽ നുഐമി പുരസ്കാര ദാനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ദുബൈയിലെ പ്രമുഖ റേഡിയോ മാധ്യമപ്രവർത്തകൻ ഫസ്ലു, എഴുത്തുകാരി ഷെമി, അജ്മാൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ സലാഹ്, സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി തുടങ്ങിയവർ വിദ്യാർഥികളെ ആദരിക്കും.
പത്താം ക്ലാസിലും പ്ലസ്ടുവിലും 90 ശതമാനത്തിലേറെ മാർക്ക് നേടിയ വിവിധ എമിറേറ്റുകളിലെ നാനൂറിലേറെ വിദ്യാർഥികളെയാണ് മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് പരിപാടിയിൽ ആദരിക്കുന്നത്. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സിലബസിൽ പ്ലസ്ടു പരീക്ഷയിൽ യു.എ.ഇ ടോപ്പറായ മലയാളി വിദ്യാർഥി ഇബ്രാഹിം ഹസ്സാനെയും ചടങ്ങിൽ പ്രത്യേകം ആദരിക്കും.
സമ്മാനദാന ചടങ്ങിൽ പങ്കെടുക്കുന്ന വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരാൾക്ക് പത്തുവർഷത്തെ യു.എ.ഇ ഗോൾഡൻ വിസക്കുള്ള അവസരമൊരുക്കും. തെരഞ്ഞെടുക്കുന്ന നാലുപേർക്ക് സ്മാർട്ട്സെറ്റ് അക്കാദമി സൗജന്യമായി മുസണ്ടം ഫുൾഡേ ട്രിപ്പിനും അവസരം നൽകും.
യു.എ.ഇയിലെ മൂന്നു ഘട്ടങ്ങൾ പിന്നിട്ട് മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് ഇനി സൗദിയിലും ഖത്തറിലുമെത്തും. യു.എ.ഇയിൽ ഹാബിറ്റാറ്റ് സ്കൂൾസ്, അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, സ്മാർട്ട്സെറ്റ് അക്കാദമി, ഇ.സി.എച്ച് ഡിജിറ്റൽ എന്നിവയുടെ പിന്തുണയോടെയാണ് മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.