ദുബൈ: പ്രവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ മികവിന് മീഡിയവൺ ഏർപ്പെടുത്തിയ ‘മബ്റൂക് ഗൾഫ് ടോപ്പേഴ്സി’ന്റെ രണ്ടാം ഘട്ട പുരസ്കാരങ്ങൾ ഞായറാഴ്ച ദുബൈയിൽ വിതരണം ചെയ്യും. ദുബൈ അക്കാദമിക് സിറ്റിയിലെ ഡീമോണ്ട്ഫോർട്ട് യൂനിവേഴ്സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ മുന്നൂറിലേറെ വിദ്യാർഥികൾ ആദരം ഏറ്റുവാങ്ങും. ഫ്രാൻസിൽ നടന്ന ലോക ദീർഘദൂര കുതിരയോട്ട മത്സരത്തിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ദുബൈയിലെ പ്രവാസി വിദ്യാർഥി മലപ്പുറം തിരൂർ സ്വദേശി നിദ അൻജുമിനെ ചടങ്ങിൽ ആദരിക്കും.
അബൂദബി യൂനിവേഴ്സിറ്റിയിൽ നടന്ന ആദ്യഘട്ട പുരസ്കാര ചടങ്ങിന് പിന്നാലെയാണ് മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് ദുബൈയിലെത്തുന്നത്. ഡീമോണ്ട്ഫോർട്ട് യൂനിവേഴ്സിറ്റിയിൽ വൈകീട്ട് മൂന്നിന് പുരസ്കാര ജേതാക്കളുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. ബിസിനസ് പഠനകേന്ദ്രമായ ബിസിനസ് ഗേറ്റിന്റെ സ്ഥാപക പ്രസിഡന്റ് ലൈല റഹാൽ അൽ അത്ഫാനി ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോമൺവെൽത്ത് എന്റർപ്രണേഴ്സ് ക്ലബ് പ്രസിഡന്റ് അബ്ദുൽ അസീസ് അഹമ്മദ്, നോർക്ക റൂട്ട്സ് ഡയറക്ടറും ആസ്റ്റർ ഗ്രൂപ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, സ്റ്റഡി വേൾഡ് എജുക്കേഷൻ സി.ഒ.ഒ കേറ്റ് ജെറാർഡ്, സിനിമ താരം മിഥുൻ രമേശ്, മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട്, മീഡിയവൺ ഡയറക്ടർ ഡോ. അഹമ്മദ് തൊട്ടിയിൽ, മീഡിയവൺ-ഗൾഫ് മാധ്യമം ജി.സി.സി ഡയറക്ടർ സലീം അമ്പലൻ തുടങ്ങിയവർ പങ്കെടുക്കും. ദുബൈയിലും സമ്മാനദാന ചടങ്ങിൽ പങ്കെടുക്കുന്ന വിദ്യാർഥികളിൽനിന്ന് തിരഞ്ഞെടുക്കുന്ന ഒരാൾക്ക് പത്തുവർഷത്തെ യു.എ.ഇ ഗോൾഡൻ വിസക്കുള്ള അവസരമൊരുക്കും. ഹാബിറ്റാറ്റ് സ്കൂൾസ്, അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, സ്മാർട്ട്സെറ്റ് അക്കാദമി, ഇ.സി.എച്ച് ഡിജിറ്റൽ എന്നിവയുടെ പിന്തുണയോടെയാണ് മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് ഒരുക്കുന്നത്. പുരസ്കാര ദാനത്തിന്റെ മൂന്നാം ഘട്ടം ഈ മാസം 29ന് അജ്മാൻ അൽതല്ലയിലെ ഹാബിറ്റാറ്റ് സ്കൂളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.