ഷാർജ: മീഡിയവൺ സ്റ്റാർഷെഫ് മത്സരങ്ങൾ ഞായറാഴ്ച. ഷാർജ സഫാരി മാളിൽ ഉച്ചക്ക് രണ്ട് മുതൽ മത്സരവേദി സജീവമാകും. മൊത്തം 25,000 ദിർഹമാണ് സമ്മാനത്തുക. ഗൾഫിലെ പാചക പ്രതിഭകളെ കണ്ടെത്താൻ മീഡിയവൺ സംഘടിപ്പിക്കുന്ന സ്റ്റാർഷെഫിന്റെ രണ്ടാമത് സീസണാണ് ഷാർജ സഫാരി മാളിൽ വേദിയൊരുങ്ങുന്നത്. സ്റ്റാർഷെഫ് മത്സരത്തിന് പുറമെ, ജൂനിയർ ഷെഫ്, ടേസ്റ്റി സ്ക്വാഡ് മത്സരങ്ങളും നടക്കും. മാസ്റ്റർഷെഫും റസ്റ്റാറന്റ് സംരംഭകനുമായ ഷെഫ് പിള്ള, നെല്ലറ ഫുഡ്സിന്റെ ഷെഫ് ഫൈസൽ, ഷെഫ് ഫജീദ തുടങ്ങിയവരാണ് വിധികർത്താക്കളായെത്തുന്നത്. മാസ്റ്റർഷെഫുമാർ കാണികളുമായി സംവദിക്കുന്ന ഷെഫ് തിയറ്റർ എന്ന പരിപാടിയും ഇതോടൊപ്പം നടക്കും. ഉച്ചക്ക് രണ്ടിന് പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിക്കും. സ്റ്റാർഷെഫിന്റെ അവസാന റൗണ്ടിലേക്ക് പങ്കെടുക്കാൻ യോഗ്യത നേടിയ 25 പേർ ആദ്യം വിഭവങ്ങൾ വിധികർത്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കും.
ഇവരിൽ നിന്നും തിരഞ്ഞെടുക്കുന്ന പത്ത് പേരാണ് ഗ്രാൻഡ് ഫിനാലേയിൽ ലൈവായി വിഭവങ്ങൾ അവതരിപ്പിക്കുക. കുട്ടികളായ പാചകപ്രതിഭകളെ കണ്ടെത്താൻ സംഘടിപ്പിക്കുന്ന ജൂനിയർ ഷെഫ് മത്സരവും, നാല് പേരടങ്ങുന്ന സംഘങ്ങൾ തങ്ങളുടെ പാചക മികവ് പുറത്തെടുക്കുന്ന ടേസ്റ്റി സ്ക്വാഡ് മത്സരങ്ങളും ഇതോടൊപ്പം വിവിധ വേദികളിലായി നടക്കും. നെല്ലറ ഫുഡ്സാണ് സ്റ്റാർഷെഫ് മത്സരത്തിന്റെ പ്രധാന പ്രായോജകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.