മീഡിയാ വൺ സൂപ്പർ കപ്പ് താരലേലം

മീഡിയവൺ സൂപ്പർ കപ്പ്; ആവേശക്കൊടുമുടിയിൽ താരലേലം

റിയാദ്‌: റിയാദ്‌ ഫുട്ബാൾ അസോസിയേഷൻ റിഫയും മീഡിയവൺ ചാനലും സംയുക്തമായി സംഘടിപ്പിക്കുന്ന മീഡിയവൺ സൂപ്പർകപ്പ് ലോകകപ്പ് ഫാൻസ് ഫുട്ബാൾ മേളയിലെ കളിക്കാരുടെ അന്തിമ പട്ടികയായി. മലസ് പെപ്പർ ട്രീ റെസ്റ്റോറന്റിൽ നടന്ന വാശിയേറിയ താരലേലത്തിൽ റിയാദിലെ പ്രഗൽഭരായ 10 കളിക്കാരെ വീതം എട്ട് ടീമുകളും കരസ്ഥമാക്കി. ബ്രസീൽ, ഫ്രാൻസ്, അർജന്റീന, ജർമ്മനി, ഇംഗ്ലണ്ട്, പോർച്ചുഗൽ, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ഫാൻസ് ടീമുകളാണ് ഓക്ഷണിൽ അണിനിരന്നത്.

ഗോൾകീപ്പർ, ഡിഫന്റർ, ഫോർവേഡ് പൊസിഷനുകളിലേക്കാണ് താരങ്ങളെ ലേലം ചെയ്തത്. ബാക്കി കളിക്കാരെ പിന്നീട്‌ തെരഞ്ഞെടുക്കും. 10 കളിക്കാരെ രണ്ട് ലക്ഷം ഡോളറിനുള്ളിൽ നിന്നാണ് ഓരോ ടീമും വിളിച്ചെടുത്തത്. ഗോൾകീപ്പർമാരായ റഹ്മാൻ (47,000) ഫസ്‌ബിൾ, ഹാഷിദ് (41,000 വീതം), ഷാഫി (38,000), ഡിഫൻഡർമാരായ കബീർ, ഡാനിഷ്, നൗഫാൻ (38,000 വീതം), ഫോർവേർഡുകളായ ജോബി (41,000), ഫാസിൽ, ഫായിസ് (38,000), ശിവദാസ്, മുർഷിദ്, മനോജ് (32,000), സുഹൈൽ, ഹംസ, ആസിഫ് (29,000 വീതം) എന്നിവർ മികച്ച നിരക്കിൽ ലേലം ചെയ്യപ്പെട്ടു.

 മീഡിയവൺ സൗദി ഓപറേഷൻ ഡയറക്‌ടർ സലീം മാഹി താരലേലം ഉദ്ഘാടനം ചെയ്യുന്നു

രാത്രി ഒന്നര വരെ നീണ്ട ലേലത്തിന് റിഫാ ടെക്നിക്കൽ മാനേജർ ഷക്കീൽ തിരൂർക്കാട്, ഫഹദ് നീലാഞ്ചേരി, ബാസിത്, ഹാരിസ്, സാജിദ് ചേന്ദമംഗല്ലൂർ എന്നിവർ നേതൃത്വം നൽകി. സാങ്കേതിക സഹായം നൽകിയ അഷ്റഫ്, അഹ്ഫാൻ കൊണ്ടോട്ടി, ആഷിഖ്, അതിഫ്, എം.പി. ഷഹ്ദാൻ എന്നിവരെ റിഫാ പ്രസിഡന്റ് അഭിനന്ദിച്ചു. ഫൈസൽ, റെനീഷ് എന്നിവർ ലേലത്തുകക്കുള്ള ചെക്കുകൾ മാനേജർമാർക്ക് വിതരണം ചെയ്തു.

ആഷിഖ് പരപ്പനങ്ങാടി (ഇംഗ്ലണ്ട്), നാസർ മൂച്ചിക്കാടൻ (പോർച്ചുഗൽ), ശബീർ വാഴക്കാട് (ഫ്രാൻസ്), ഇംതിയാസ് കൊണ്ടോട്ടി (സൗദി അറേബ്യ), കുട്ടൻ ബാബു മഞ്ചേരി (ബ്രസീൽ), ആതിഫ് എടപ്പാൾ (ജർമനി), ഫൈസൽ പാഴൂർ (അർജന്റീന), ശരീഫ് കാളികാവ് (ഇന്ത്യ) എന്നിവരായിരുന്നു 'രാജ്യ'ങ്ങളെ പ്രതിനിധീകരിച്ച മാനേജർമാർ. മീഡിയവൺ സൗദി ഓപറേഷൻ ഡയറക്‌ടർ സലീം മാഹി താരലേലം ഉദ്ഘാടനം ചെയ്തു. റിഫാ പ്രസിഡന്റ് ബശീർ ചേലേമ്പ്ര ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

താരലേലത്തിൽ പങ്കെടുത്ത ഫാൻസ് ടീം മാനേജർമാർ

താരലേലത്തിന്റ സാങ്കേതിക വശങ്ങൾ ഷക്കീൽ തിരൂർക്കാട് വിശദീകരിച്ചു. ടൂർണമെന്റ് ഫിക്ചറിന്റെ പ്രകാശനം മീഡിയവൺ മാർക്കറ്റിംഗ് മാനേജർ ഹസനുൽ ബന്നയും ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അബ്ദുൽ കരീം പയ്യനാടും നിർവ്വഹിച്ചു. നബീൽ പാഴൂരിന്റെ നേതൃത്വത്തിൽ ബഷീർ ചേലേമ്പ്ര, സലീം മാഹി, സൈഫു കരുളായി, അഷ്‌റഫ് കൊടിഞ്ഞി എന്നിവർ ജഴ്സി അനാഛാദനം നടത്തി. അബ്ദുല്ല വല്ലാഞ്ചിറ ആശംസകൾ നേർന്നു. റിയാദ്‌ റഷീദ്‌ ഖിറാഅത്തും റിഫ സെക്രട്ടറി സൈഫു കരുളായി സ്വാഗതവും പറഞ്ഞു. ഫാത്തിമ, ആഷ്‌ലിൻ എന്നിവർ അവതാരകരായിരുന്നു.

Tags:    
News Summary - mediaone super cup 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.