ദുബൈ: ദക്ഷിണേന്ത്യയിലെ ശ്രദ്ധേയമായ ആതുരസേവന ശൃംഖലകളിലൊന്നായ മേയ്ത്ര ഹോസ്പിറ്റൽ കെ.എം.സി.സി യു.എ.ഇ ചാപ്റ്ററുമായി സഹകരിച്ച് മേയ്ത്ര-കെ.എം.സി.സി എൻ.ആർ.ഐ പ്രിവിലേജ് കാർഡ് പുറത്തിറക്കി. കെ.എം.സി.സി യു.എ.ഇ ചാപ്റ്ററിലെ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമടക്കം അരലക്ഷത്തിലേറെ പേർക്ക് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലും അനുബന്ധ ശൃംഖലകളിലും ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതാണ് പ്രിവിലേജ് കാർഡ്. ദുബൈ ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍ററിൽ (ഡി.ഐ.എഫ്.സി'യിൽ നടന്ന ചടങ്ങിൽ മേയ്ത്ര ഹോസ്പിറ്റലിന്‍റെയും കെ.ഇ.എഫ് ഹോൾഡിങ്സിന്റെയും ചെയർമാനായ ഫൈസൽ ഇ. കൊട്ടിക്കോളനും യു.എ.ഇ കെ.എം.സി.സി പ്രസിഡന്‍റ് പുത്തൂർ റഹ്മാനും ചേർന്ന് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.
തുടക്കത്തിൽ മലബാറിൽ നിന്നുള്ള പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് ഈ പ്രിവിലേജ് കാർഡിന്‍റെ പ്രയോജനം ലഭിക്കുകയെങ്കിലും ഘട്ടംഘട്ടമായി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും മേയ്ത്രയുടെ മികച്ച ഡോക്ടർമാരുടെയും ആഗോള നിലവാരമുള്ള ചികിത്സാ സൗകര്യങ്ങളുടെയും സേവനം ലഭ്യമാക്കുമെന്ന് ഫൈസൽ ഇ. കൊട്ടിക്കോളൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'മേയ്ത്രയുടെ ഉന്നത നിലവാരമുള്ള ക്ലിനിക്കൽ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനായുള്ള പദ്ധതി മലബാർ ജില്ലകളിലെ തെരഞ്ഞെടുത്ത ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇത് ഘട്ടംഘട്ടമായി തെക്കൻ കേരളത്തിലെ ജില്ലകളിലേക്കും വ്യാപിപ്പിക്കും' -അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി അംഗങ്ങൾക്ക് ആധാർ കാർഡോ പാസ്പോർട്ടോ തിരിച്ചറിയൽ രേഖയായി ഉപയോഗിച്ച് അവരുടെയും കുടുംബാംഗങ്ങളുടെയും അംഗത്വം വളരെ എളുപ്പത്തിൽ നിർവഹിക്കാൻ കഴിയും. രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്ട്രേഷന് വേണ്ടിയുള്ള ഗൂഗ്ൾ ഫോമിന്‍റെ ലോഞ്ചിങ് ഷംസുദ്ദീൻ ബിൻ മൊഹ്യുദ്ദീനിന് കൈമാറി ഫൈസൽ ഇ. കൊട്ടിക്കോളൻ നിർവഹിച്ചു. യു.എ.ഇ കെ.എം.സി.സി സെക്രട്ടറി അൻവർ നഹ, കെ.എം.സി.സി ഭാരവാഹികളായ നിസാർ തളങ്കര, യഹ്യ തളങ്കര എന്നിവരും പങ്കെടുത്തു.
പ്രിവിലേജ് കാർഡംഗങ്ങൾക്ക് ഒ.പി. പരിശോധനയിൽ 50 ശതമാനവും ഒ.പി ഇൻവെസ്റ്റിഗേഷനുകളിൽ (പുറത്തുനിന്നുള്ളവ ഉൾപ്പെടില്ല) 25 ശതമാനവും ഹെൽത്ത് ചെക്കപ്പുകൾക്ക് 15 ശതമാനവും ഇംപ്ലാന്‍റുകൾ, സ്റ്റെന്റുകൾ, കൺസ്യൂമബിളുകൾ, മരുന്ന്, വിസിറ്റിങ് കൺസൾട്ടന്‍റുമാരുടെ സേവനം, പുറത്തുനിന്നിള്ള ഇൻവെസ്റ്റിഗേഷനുകൾ മുതലയാവ ഉൾപ്പെടെയുള്ള ഐ.പി സേവനങ്ങൾക്ക് 10 ശതമാനം ഡിസ്കൗണ്ടും മേയ്ത്ര ഹോസ്പിറ്റലിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.