അബൂദബി: കുടിയേറ്റങ്ങൾ മൂലം പ്രതിസന്ധിയിലായ രാജ്യങ്ങളിലെ വികസന പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനായി 10 കോടി ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്ത് യു.എ.ഇ. വികസനം, കുടിയേറ്റം എന്ന വിഷയത്തിൽ ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വൈകാരികവും ഏറെ പ്രാധാന്യവുമുള്ള ഒരു അന്താരാഷ്ട്ര വിഷയമാണ് കുടിയേറ്റമെന്ന് അദ്ദേഹം പറഞ്ഞു.
അതിസങ്കീർണമായ ഈ വിഷയം കൈകാര്യം ചെയ്യുന്നതിനുള്ള കൂട്ടായ പ്രത്നങ്ങൾക്കും പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനും ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ സാന്നിധ്യം സമ്മേളനം ഉറപ്പുവരുത്തിയിട്ടുണ്ട്. സ്ഥിരതയും പുരോഗതിയും സമൃദ്ധിയും ആഗ്രഹിക്കുന്ന ഒരു ജനതക്ക് ഈ സഹകരണം കൈമാറണം. രാഷ്ട്രങ്ങൾക്കിടയിൽ കൂടുതൽ സഹകരണവും ഐക്യദാർഢ്യവും ആവശ്യമുള്ള ലോകത്തെ നിർണായക ഘട്ടത്തിലാണ് സമ്മേളനം വരുന്നതെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
പ്രസിഡൻഷ്യൽ കോർട്ട് മന്ത്രാലയത്തിന്റെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ, സുപ്രീം കൗൺസിൽ ഫോർ നാഷനൽ സെക്യൂരിറ്റി സെക്രട്ടറി ജനറൽ അലി ബിൻ ഹമദ് അൽ ശംസി, അന്താരാഷ്ട്ര സഹകരണ കാര്യ സഹമന്ത്രി റീം അൽ ഹാഷ്മി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.