ദുബൈ: യു.എ.ഇ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.എസ്. ജയ്ശങ്കർ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
ചർച്ചയിൽ ഇരുരാജ്യവും തമ്മിലെ നയതന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ സംസാരിച്ചു. പ്രദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ വിവിധ സമകാലിക വിഷയങ്ങളും ചർച്ചയായി. വിവിധ കാര്യങ്ങളിൽ ഇരുരാജ്യത്തിെൻറയും യോജിച്ച നീക്കത്തിന് ധാരണയിലെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ശൈഖ് മുഹമ്മദിന് കൈമാറി. യു.എ.ഇക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉഭയകക്ഷി ബന്ധത്തിൽ കൂടുതൽ പരോഗതിയുമുണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ജനതക്ക് കൂടുതൽ പുരോഗതിയും വികസനവുമുണ്ടാകട്ടെയെന്ന സന്ദേശം ശൈഖ് മുഹമ്മദ് കൈമാറി.
യു.എ.ഇയിലെ സന്ദർശനം വിജയകരമാകട്ടെയെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് എസ്. ജയ്ശങ്കറിന് ആശംസ നേർന്നു. ഇരു രാജ്യവും തമ്മിലുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് ശൈഖ് മുഹമ്മദ് ബിൻ സായിദിെൻറ മാർഗനിർദേശം വിലമതിക്കുന്നതായി കൂടിക്കാഴ്ചക്ക് ശേഷം ഡോ. ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു.
ചർച്ചയിൽ അബൂദബി എയർപോർട്സ് ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ, സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അലി ബിൻ ഹമദ് അൽ ഷംസി, മറ്റ് അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം യു.എ.ഇയിലെത്തിയ ഡോ. ജയ്ശങ്കർ കഴിഞ്ഞ ശനിയാഴ്ച ദുബൈയിൽ എക്സ്പോ നഗരിയിലെ ഇന്ത്യയുടെയും യു.എ.ഇയുടെയും പവിലിയനുകൾ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.