അജ്മാൻ: കേന്ദ്ര സഹമന്ത്രി വി. മുരളീധരന് മുന്നിൽ ആവലാതികൾ നിരത്തി പ്രവാസി സംഘടനകൾ. അജ്മാനിൽ നടന്ന പ്രവാസി സംഘടനകളുടെ യോഗത്തിലാണ് സംഘടനകൾ വിവിധ വിഷയങ്ങൾ ഉന്നയിച്ചത്.
അജ്മാൻ, ഷാർജ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളെ പ്രതിനിധാനംചെയ്ത് വിവിധ സംഘടന നേതാക്കൾ പങ്കെടുത്തു. കൂടുതലും മലയാളി സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.
പ്രവാസികൾ ഏറ്റവും കൂടുതൽ നാട്ടിലേക്ക് പറക്കുന്ന സമയങ്ങളിലെ വിമാനനിരക്ക് വർധന സംഘടനകൾ ഉന്നയിച്ചു. കോവിഡ് കാലത്ത് നാട്ടിലെത്തിയ പ്രവാസികൾക്ക് പുനരധിവാസം നൽകാത്തതും ചൂണ്ടിക്കാണിച്ചു. പ്രവാസി വോട്ടവകാശം നടപ്പാക്കാത്തത് പ്രവാസികളോടുള്ള അവഗണനയാണെന്ന് മന്ത്രിക്കുമുന്നിൽ അവതരിപ്പിച്ചു.
പ്രവാസികൾ അംബാസഡറാണെന്ന് പ്രധാനമന്ത്രി പറയുന്നതല്ലാതെ അവർക്ക് ആശ്വാസകരമായ നടപടികളുണ്ടാവുന്നില്ലെന്ന് അവർ ആരോപിച്ചു. പ്രവാസി കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകണമെന്ന് ആവശ്യപ്പെട്ടു. പ്രവാസി ഭാരതീയ പുരസ്കാരത്തിൽ യു.എ.ഇയെ അവഗണിച്ചതും ചൂണ്ടിക്കാണിച്ചു. ഗൾഫിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്നും ആവശ്യമുയർന്നു.
പാസ്പോർട്ട് പുതുക്കലുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ ആവശ്യങ്ങളെല്ലാം പറഞ്ഞുപഴകിയതാണെന്നും ആത്മാർഥതയോടെയുള്ള നടപടികളാണ് ഉണ്ടാവേണ്ടതെന്നും ഫുജൈറയെ പ്രതിനിധാനംചെയ്ത യു.എ.ഇ കെ.എം.സി.സി പ്രസിഡന്‍റ് പുത്തൂർ റഹ്മാൻ പറഞ്ഞു. ഷാർജ, ഖോർഫക്കാൻ, റാസൽഖൈമ, അജ്മാൻ, ഉമ്മുൽ ഖുവൈൻ അസോസിയേഷനുകളുടെ പ്രതിനിധികളും പങ്കെടുത്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം മന്ത്രി മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.