ദുബൈ: സ്വകാര്യമേഖലയിലെ കമ്പനികളും തൊഴിലാളികളും തമ്മിലുള്ളതോ ഗാർഹിക തൊഴിലാളികളും റിക്രൂട്ട്മെന്റ് ഏജൻസികളും തമ്മിലുള്ളതോ ആയ 50,000 ദിർഹമോ അതിൽ കുറഞ്ഞതോ മൂല്യമുള്ള തർക്കങ്ങൾ പരിഹരിക്കുമെന്ന് മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. 2024 ജനുവരി ഒന്ന് മുതലാണ് സംവിധാനം നിലവിൽവരുന്നത്.
ഉപഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കാനും നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും നിയമപരമായ അവകാശങ്ങൾ ലഭ്യമാക്കുന്നതുമാണ് നടപടിയെന്നും മന്ത്രാലയം അറിയിച്ചു.
ഫെഡറൽ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരമാണ് സംവിധാനം ഒരുങ്ങുന്നത്. മന്ത്രാലയത്തിന്റെ തീരുമാനം അറിയിച്ച് 15 പ്രവൃത്തി ദിവസത്തിനകം അപ്പീൽ കോടതിയെ സമീപിക്കാൻ കക്ഷികളെ പുതിയ ഭേദഗതി അനുവദിക്കുന്നുണ്ട്.
ഇത്തരം കേസുകളിൽ അപ്പീൽ കോടതി മൂന്ന് പ്രവൃത്തി ദിവസത്തിനകം വാദം കേൾക്കും. 50,000 ദിർഹത്തിൽ കൂടുതലുള്ള തർക്കങ്ങളിൽ രമ്യമായ ഒത്തുതീർപ്പിനായി മന്ത്രാലയം പതിവ് നടപടിക്രമങ്ങൾ തുടരും.
റഫറൽ തീയതിമുതൽ പരമാവധി 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ രമ്യമായ ഒത്തുതീർപ്പിലെത്താൻ കഴിയാത്ത കേസുകൾ ബന്ധപ്പെട്ട കോടതികളിലേക്ക് റഫർ ചെയ്യുകയാണ് രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.