ഷാർജ: പൊലീസ് വേഷത്തിലെത്തി ലാപ്ടോപ്പുകൾ കവർച്ച നടത്തിയ നാലംഗ സംഘത്തെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ ട്രാൻസ്പോർട്ട് സർവിസ് കമ്പനിയുടെ ഡ്രൈവറാണ് കവർച്ചക്കിരയായത്. ഇയാളിൽ നിന്ന് പത്തുലക്ഷം ദിർഹം മൂല്യം വരുന്ന 1840 ലാപ്ടോപ്പുകളാണ് സംഘം കവർന്നത്.
വ്യാഴാഴ്ചയാണ് പ്രതികൾ പിടിയിലായതെന്ന് ഷാർജ പൊലീസ് അറിയിച്ചു. പിടിയിലായ മുഴുവൻ പ്രതികളും അറബ് വംശജരാണ്. സംഭവം നടന്ന് 48 മണിക്കൂറിനകം പ്രതികളെ പിടിക്കാൻ ഷാർജ പൊലീസിന് കഴിഞ്ഞു. ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ വെച്ചാണ് കവർച്ച നടന്നത്.
ലാപ്ടോപ്പുകളുമായ പോവുകയായിരുന്ന ഏഷ്യൻ വംശജനായ ഡ്രൈവറെ പൊലീസ് വേഷത്തിലെത്തിയ പ്രതികൾ പരിശോധനയുടെ പേരിൽ തടഞ്ഞുവെക്കുകയും ലാപ്ടോപ്പുകൾ കൈവശപ്പെടുത്തുകയുമായിരുന്നു. പിന്നീടാണ് വന്നവർ യഥാർഥ പൊലീസുകാരല്ലെന്ന് ഡ്രൈവർക്ക് മനസ്സിലായത്.
ഇദ്ദേഹം സെൻട്രൽ ഓപറേഷൻ റൂമിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ഷാർജ പൊലീസ് അതിവേഗം അന്വേഷണം ആരംഭിക്കുകയും രണ്ട് ദിവസത്തിനുള്ളിൽ പ്രതികളെ വലയിലാക്കുകയായിരുന്നുവെന്നും ഷാർജ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ അബ്ദുൽ റഹ്മാൻ നാസൽ അൽ ശംസി പറഞ്ഞു.
അന്വേഷണത്തിലൂടെ ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് പ്രതികളെന്ന് സംശയിക്കുന്നവരെ പൊലീസ് തിരിച്ചറിയുകയും ഇവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്ത ശേഷമാണ് നാൽവർ സംഘത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.