അബൂദബി: രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അബൂദബിയില്‍ മിസൈല്‍ നിര്‍മാണ കേന്ദ്രം തുറന്ന് അധികൃതര്‍. യൂറോപ്യൻ മിസൈൻ നിർമാണ കമ്പനിയായ എം.ബി.ഡി എയും തവാസുൻ കൗൺസിലും കൈകോർത്താണ് അബൂദബിയിലെ മിസൈൽ എൻജിനീയറിങ് കേന്ദ്രം പ്രവർത്തിപ്പിക്കുക. പ്രതിരോധ സ്ഥാപനമായ എം.ബി.ഡിഎയുടെ യൂറോപ്പിന് പുറത്തെ ആദ്യ കേന്ദ്രമാണ് അബൂദബിയിൽ പ്രവർത്തനം തുടങ്ങിയത്. ഇവിടെ വികസിപ്പിച്ചെടുക്കുന്ന അത്യാധുനിക ആയുധങ്ങള്‍ യു.എ.ഇയുടെ പ്രതിരോധന മേഖലക്ക് ഏറെ മുതല്‍ക്കൂട്ടാവുമെന്നാണ് വിലയിരുത്തൽ.
ജൂണ്‍ ആറിനായിരുന്നു മിസൈല്‍ നിര്‍മാണ കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം. തവസുന് സെക്രട്ടറി ജനറല്‍ താരിഖ് അല്‍ ഹൊസനി, യു.എ.ഇയിലെ ഫ്രഞ്ച് അംബാസഡര്‍ എം. നികോളാസ് നീംചിനോവ്, മിസൈല്‍ നിര്‍മാണ കമ്പനിയായ എം.ബി.ഡി.എ. ഫ്രാന്‍സ് സി.ഇ.ഒ. എം. എറിക് ബെറാംഗര് എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മിസൈല്‍ സംവിധാനങ്ങള്‍ സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള അടിത്തറയൊരുക്കുന്നതാണ് യു.എ.ഇയും എം.ബി.ഡി.എയും സഹകരിക്കുന്ന അബൂദബിയിലെ മിസൈല്‍ നിര്‍മാണ കേന്ദ്രം. തവസുന് ടെക്നോളജി ഇന്നൊവേഷനിലെയും എം.ബി.ഡി.എയിലെയും എന്‍ജിനീയര്‍മാരുടെ സംയുക്ത സംഘമാണ് മിസൈൽ വികസിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുക.
യു.എ.ഇയുടെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയാണ് മിസൈല്‍ നിര്‍മാണ കേന്ദ്രം വ്യക്തമാക്കുന്നത്. എം.ബി.ഡി.എയുമായുള്ള പങ്കാളിത്തത്തിന്റെ നാഴികകല്ലായി മാറിയ മിസൈല്‍ നിര്‍മാണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് സാക്ഷിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് തവസുന് സെക്രട്ടറി ജനറല്‍ താരിഖ് അല്‍ ഹൊസനി വ്യക്തമാക്കി. ഫ്രഞ്ച്. ബ്രിട്ടീഷ്, ഇറ്റാലിയന്‍ മിസൈല്‍ നിര്‍മാണ കമ്പനികളായ മാറ്റ, ബേ ഡൈനാമിക്സ്, അലനിയ എന്നിവ ലയിച്ചാണ് 2001ല്‍ എം.ബി.ഡി.എ. ഫ്രാന്‍സ് സ്ഥാപിച്ചത്. ഗൾഫ് മേഖലയുടെ സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി പടക്കോപ്പുകൾ ഒരുക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.