ദുബൈ: ട്രാം ഡ്രൈവർമാരെ നിരീക്ഷിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും നിർമിതബുദ്ധി ഉപയോഗിക്കുന്നു. ലോകത്ത് ആദ്യമായാണ് ട്രാം ഡ്രൈവർമാരെ നിരീക്ഷിക്കാൻ ഇത്തരമൊരു സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. കിയോലിസ് എം.എച്ച്.ഐ, വിർച്യൂ തെറപ്പി ആൻഡ് റിസർച് എന്നിവയുടെ സഹായത്തോടെയാണ് പദ്ധതിയുടെ മൂന്നാംഘട്ട പരീക്ഷണം ആർ.ടി.എ നടപ്പാക്കുന്നത്.
ട്രാമിനായി പ്രത്യേക ട്രാക്കുണ്ടെങ്കിലും ചില സ്ഥലങ്ങളിൽ റോഡിലൂടെയാണ് ട്രാം സഞ്ചരിക്കുന്നത്. റെയിൽവേ ക്രോസിന് സമാനമായ റോഡിലൂടെ ട്രാം കടന്നുപോകുമ്പോൾ ഡ്രൈവറുടെ അശ്രദ്ധ അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാണ് ഡ്രൈവർമാരെ നിരീക്ഷിക്കുന്നത്. ഡ്രൈവറുടെ ചലനം, ശൈലി, സുരക്ഷിതമല്ലാത്ത രീതികൾ, ഹൃദയമിടിപ്പ്, സംഭാഷണം തുടങ്ങിയവയെല്ലാം സ്മാർട്ട് ഉപകരണം വഴി നിരീക്ഷിച്ചുകൊണ്ടിരിക്കും. ഡ്രൈവറുടെ ആരോഗ്യനിലപോലും ഉറപ്പാക്കുന്നതാണ് പുതിയ സംവിധാനം. സുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ മുൻകൂട്ടി കാണുന്നതിലൂടെ അപകടങ്ങൾ തടയാനും പരിഹാരം കണ്ടെത്താനും കഴിയും. ഡ്രൈവർമാരുടെ ഓരോ സംസാരവും കൃത്യമായി കൺട്രോൾ റൂമിൽ കേൾക്കാൻ കഴിയും. അവരുടെ ആംഗ്യങ്ങളും ചലനങ്ങളും കൃത്യമായി അറിയാൻ കഴിയും. യാത്രക്കാരുടെ സുരക്ഷക്കാണ് മുൻഗണനയെന്നും ആധുനിക സാങ്കേതികവിദ്യയുടെ കാലത്ത് അത് പരമാവധി പ്രയോജനപ്പെടുത്തുകയാണെന്നും പരീക്ഷണഘട്ടം വിജയിച്ചാൽ ദുബൈയിലെ എല്ലാ ട്രാമുകളിലും നടപ്പാക്കുമെന്നും റെയിൽ ഏജൻസി ഓപറേഷൻസ് ഡയറക്ടർ ഹസൻ അൽ മുതവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.