ദുബൈ: ആസ്ട്രേലിയക്കെതിരായ ലോകകപ്പ് സെമി ഫൈനലിൽ പാകിസ്താെൻറ ടോപ് സ്കോററായ മുഹമ്മദ് റിസ്വാൻ കളിക്കാനെത്തിയത് 35 മണിക്കൂറത്തെ ഐ.സി.യു വാസത്തിന് ശേഷം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത റിസ്വാൻ ബുധനാഴ്ച ഉച്ചക്കാണ് ആശുപത്രി വിട്ടത്. വ്യാഴാഴ്ച വൈകുന്നേരം കളിക്കാനിറങ്ങുകയും ചെയ്തു. ദുബൈ മെഡിയോർ ആശുപത്രിയിലെ തിരുവനന്തപുരം സ്വദേശിയായ ഡോക്ടർ സഹീർ സൈനുൽ ആബിദീെൻറ നേതൃത്വത്തിലാണ് റിസ്വാന് ചികിത്സ ഒരുക്കിയത്. സ്വന്തം പേരെഴുതിയ ജഴ്സി സമ്മാനിച്ചാണ് റിസ്വാൻ നന്ദി പ്രകടിപ്പിച്ചത്.
ചൊവ്വാഴ്ച പുലർച്ച 2.30നാണ് റിസ്വാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസ തടസവും കടുത്ത നെഞ്ചു വേദനയുമായിരുന്നു പ്രശ്നം. അണുബാധയുടെ അളവ് വർധിച്ചതിനെ തുടർന്ന് റിസ്വാെൻറ ഉമിനീരിൽ അടക്കം രക്തമായിരുന്നു. വേദനകണക്കാക്കുന്ന പെയിൻ സ്‌കോർ 10/10 ആയിരുന്നു. റിസ്വാൻ പ്രകടിപ്പിക്കുന്നത് ഹൃദയാഘാതത്തിെൻറ ലക്ഷണങ്ങളാണോ എന്ന സംശയം പലരും പങ്കുവച്ചെങ്കിലും അണുബാധ ശ്വാസനാളത്തെയും അന്നനാളത്തെയും ബാധിച്ചതാണ് കടുത്ത നെഞ്ചുവേദനയ്ക്കും ശ്വാസതടസ്സത്തിനും കാരണമായതെന്ന് ഡോക്ടർമാർ കണ്ടെത്തി. നില മെച്ചപ്പെട്ടുവരുന്നെങ്കിലും തുടർ പരിചരണത്തിനായി അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റി. വ്യാഴാഴ്ച നടക്കുന്ന സെമിഫൈനലിൽ റിസ്വാന് കളിക്കാൻ ആകുമോ എന്നതിലും ആശങ്ക ഉടലെടുത്തു. ബുധനാഴ്ച രാവിലെ നില മെച്ചപ്പെട്ടു. പരിശോധനയിൽ നെഞ്ചിലെ അണുബാധ മാറിയതായി വ്യക്തമായി. സെമിയിൽ കളിച്ചേ മതിയാകൂവെന്ന വാശിയിലായിരുന്നു താരമെന്ന് ഡോ. സഹീർ പറയുന്നു. 'എനിക്ക് കളിക്കണം, ടീമിനൊപ്പം നിൽക്കണം' എന്ന് റിസ്വാൻ പറഞ്ഞുകൊണ്ടേയിരുന്നു. ഗുരുതര അണുബാധയേറ്റാൽ സാധാരണ അഞ്ചു മുതൽ ഏഴു വരെ ദിവസമെടുക്കും ആരോഗ്യം വീണ്ടെടുക്കാൻ. എന്നാൽ, റിസ്വാെൻറ കാര്യത്തിൽ അനുകൂലമായത് അദ്ദേഹത്തിെൻറ ആരോഗ്യക്ഷമതയും ആത്മവിശ്വാസവുമാണെന്ന് ഡോക്ടർമാർ പറയുന്നു.
വ്യാഴാഴ്ച കളത്തിലിറങ്ങിയ റിസ്വാൻ ആസ്ട്രേലിയക്കെതിരെ 52 പന്തിൽ 67 റൺസെടുത്ത് ടോപ് സ്കോററായി. ട്വൻറി 20യിൽ ഒരു കലണ്ടർ വർഷം 1000 റൺസ് തികക്കുന്ന ആദ്യ താരമെന്ന റെക്കോഡും റിസ്വാൻ സ്വന്തമാക്കി. അവിശ്വസിനീയമായിരുന്നു റിസ്വാെൻറ തിരിച്ചുവരവ് എന്ന് ഡോ. സഹീർ പറഞ്ഞു. മത്സരത്തിന് രണ്ട് മണിക്കൂർ മുൻപ് പോലും റിസ്വാന് മരുന്ന് കഴിക്കാനുണ്ടായിരുന്നു. വി.വി.എസ്. ലക്ഷ്മൺ, ഷൊഐബ് അക്തർ, കമേൻററ്റർമാർ അടക്കമുള്ളവർ റിസ്വാന് അഭിനന്ദനവുമായി എത്തി. മെഡിയോർ ആശുപത്രി ഐ.സി.യുവിൽ കഴിയുന്ന റിസ്വാെൻറ ചിത്രവും വൈറലാണ്. മത്സര ശേഷം പാക് ടീം ഡോക്ടറാണ് ഡോ. സഹീറിനെ വിളിച്ച് റിസ്വാൻ ഏൽപ്പിച്ച സമ്മാനത്തിെൻറ കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ജഴ്സി ആശുപത്രിയിൽ എത്തിച്ച് നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.