അബൂദബി: യു.എ.ഇയിൽനിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള പുനർ കയറ്റുമതി (റി എക്സ്പോർട്ട്) അടുത്ത ഏഴുവർഷത്തിനുള്ളിൽ ഇരട്ടിയാക്കാൻ തീരുമാനം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബൂദബി ഖസർ അൽ വതനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യു.എ.ഇയിൽ നിന്നുള്ള വിദേശവ്യാപാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുനർ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നത്. ഇതിനായി 24 ഇന പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി.
ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന യു.എ.ഇയുടെ 50 വാണിജ്യ ഓഫിസുകളുടെ സേവനം പ്രയോജനപ്പെടുത്തും. യു.എ.ഇയുടെ എണ്ണയിതര വിദേശവ്യാപാരം 2.23 ട്രില്യൺ കടന്നത് കഴിഞ്ഞ വർഷമാണ്. പുനർ കയറ്റുമതിക്ക് ഇതിൽ വലിയ പങ്കുണ്ടായിരുന്നു. എണ്ണയിതര വ്യാപാരത്തിൽ 27.5 ശതമാനവും പുനഃകയറ്റുമതിയായിരുന്നു. 2015ൽ ഇത് 26.9 ശതമാനമായിരുന്നു.
സ്മാർട്ട് ഫോൺ, വജ്രം, വാഹന സ്പെയർ പാർട്സ്, ആഭരണങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. സ്വതന്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനങ്ങളും മന്ത്രിസഭ വിലയിരുത്തി. നാല് രാജ്യങ്ങളുമായി സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) ഒപ്പുവെച്ചെന്നും കൂടുതൽ രാജ്യങ്ങളുമായി aചർച്ച നടക്കുകയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. സെപ കരാർ ഒപ്പുവെച്ച രാജ്യങ്ങളുമായുള്ള വ്യാപാരം നിരീക്ഷിച്ചുവരുകയാണ്. 2023 യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക വർഷമായേക്കുമെന്നും അദ്ദേഹം പ്രത്യാശ പങ്കുവെച്ചു.
നൈപുണ്യമുള്ളവരുടെ ആഗോള തലസ്ഥാനമാക്കി യു.എ.ഇയെ മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 19 പദ്ധതികളെക്കുറിച്ച് യോഗം അവലോകനം ചെയ്തു. 2025ൽ നാച്വർ വേൾഡ് കൺവർസേഷൻ കോൺഗ്രസിന് വേദിയൊരുക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. 160 രാജ്യങ്ങളിലെ 10,000 പരിസ്ഥിതി വിദഗ്ധർ കോൺഗ്രസിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.