ദുബൈ: 1960കളിൽ യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പകർത്തിയ ഫോട്ടോ പ്രദർശനം മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിൽ ആരംഭിച്ചു. സുൽത്താൻ ബിൻ അലി അൽ ഉവൈസ് കൾചറൽ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ‘യു.എ.ഇ ഒരു ഫോട്ടോഗ്രാഫറുടെ കാമറക്കണ്ണിലൂടെ’ എന്ന തലക്കെട്ടിൽ ഫോട്ടോ പ്രദർശനം ഒരുക്കിയത്. ജനുവരി 31വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ പ്രമുഖ ബഹ്റൈനി ഫോട്ടോഗ്രാഫർ അബ്ദുല്ല അൽ ഖാന്റെ ചിത്രങ്ങളാണ് ജനങ്ങൾക്കായി പ്രദർശിപ്പിച്ചിട്ടുള്ളത്.
ഭരണാധികാരികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ ചിത്രങ്ങളും യു.എ.ഇയിലെ മനുഷ്യജീവിതം, പൊതു ഇടങ്ങൾ, റോഡുകൾ, പാലങ്ങൾ മുതലായവയുടെ വിശദാംശങ്ങളും ചിത്രങ്ങളിൽ നിന്ന് വായിച്ചെടുക്കാനാവും. ആകെ 43 അപൂർവ ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ 1966ലെ ഫോട്ടോയാണ് എക്സിബിഷന്റെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. ഇത് പിന്നീട് ഭരണാധികാരിയുടെ ഔദ്യോഗിക ചിത്രമായി അംഗീകരിക്കപ്പെട്ടിരുന്നു.
യു.എ.ഇയുടെ ചരിത്രവും പൈതൃകവും കാണുന്നതിന് ഒരവസരം ഒരുക്കുന്നതിലൂടെ, പഠനത്തിനും സാംസ്കാരിക ആശയവിനിമയത്തിനുമുള്ള സുപ്രധാന കേന്ദ്രമായി മാറുകയാണ് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി ലക്ഷ്യമിടുന്നത്. കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ, യു.എ.ഇയുടെ സമ്പന്നമായ പൈതൃകത്തെയും പുരാതന ചരിത്രത്തെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നതായി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.