ദുബൈ: രാജ്യത്തെ പ്രധാന സ്വർണസംസ്കരണശാലയായ എമിറേറ്റ്സ് ഗോൾഡ് ഡി.എം.സി.സിയെ മികച്ച വിതരണ പട്ടികയിൽനിന്ന് നീക്കി യു.എ.ഇ. കള്ളപ്പണം വെളുപ്പിക്കുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് നടപടി. സാമ്പത്തിക വിദഗ്ധരെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം ബ്ലൂബർഗ് എമിറേറ്റ്സ് ഗോൾഡിനെതിരെ വാർത്ത പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് യു.എ.ഇ സാമ്പത്തിക മന്ത്രാലയം അധ്യക്ഷത വഹിക്കുന്ന ബുള്ളിയൻ കമ്മിറ്റി എമിറേറ്റ്സ് ഗോൾഡിനെ മികച്ച വിതരണ പട്ടികയിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്.
വാർത്ത പുറത്തുവന്നതിനെ തുടർന്ന് വെള്ളിയാഴ്ച ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷനും എമിറേറ്റ്സ് ഗോൾഡിന്റെ അംഗത്വം റദ്ദാക്കിയിരുന്നു. കമ്പനിയിൽ ലാഭവിഹിതം പറ്റുന്ന രണ്ടു പേർക്ക് കള്ളപ്പണം വെളുപ്പിക്കുന്നവരുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. കഴിഞ്ഞ 30 വർഷമായി യു.എ.ഇയിൽ പ്രവർത്തിക്കുന്ന സ്വർണസംസ്കരണ കമ്പനിയാണ് എമിറേറ്റ്സ് ഗോൾഡ്. ഈ രംഗത്ത് ഏറെ പ്രശസ്തിയുള്ള കമ്പനിക്കെതിരായ കടുത്ത നടപടി കള്ളപ്പണം വെളുപ്പിക്കലിനെതിരെ യു.എ.ഇ സർക്കാർ സ്വീകരിക്കുന്ന സമീപനത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. സ്വർണവിതരണ മേഖലയുടെ നിലവാരം നിലനിർത്തുന്നതിനായി 2021ൽ യു.എ.ഇ ഗുഡ് ഡെലിവറി സ്റ്റാൻഡേഡ് നിയമം നടപ്പാക്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് മികച്ച വിതരണ പട്ടിക തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.