ദുബൈ: ലോകത്ത് വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കുരങ്ങുപനിയെ പ്രതിരോധിക്കുന്നതിന് രാജ്യത്ത് എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് പടരാതിരിക്കാൻ സുരക്ഷ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ കേസുകൾ അന്വേഷിക്കുകയും രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഏതെങ്കിലും വ്യക്തിയിൽ രോഗമുണ്ടെന്ന് സംശയം തോന്നിയാൽ ആശുപത്രികൾ ആരോഗ്യ വകുപ്പിന് റിപ്പോർട്ട് ചെയ്യണം -മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
രോഗം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സക്കും ആവശ്യമായ നിർദേശങ്ങളടങ്ങിയ സമഗ്രമായ ഒരു ഗൈഡ് മന്ത്രാലയത്തിന്റെ സാങ്കേതിക ഉപദേശക സംഘം തയാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് ആശുപത്രികൾ സംശയാസ്പദമായ കേസുകൾ കൈകാര്യം ചെയ്യേണ്ടത്. അതേസമയം രോഗം സംബന്ധിച്ച് പ്രചരിക്കുന്ന വ്യാജവാർത്തകളിലും അഭ്യൂഹങ്ങളിലും വീണുപോകരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
കുരങ്ങുപനിക്കെതിരെ കര്‍ശന ജാഗ്രത പാലിക്കണമെന്ന് അബൂദബി ആരോഗ്യവിഭാഗവും ദുബൈ ഹെൽത് അതോറിറ്റിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്ററും പ്രാദേശിക ആരോഗ്യ പരിചരണ വിഭാഗവും ഏകോപിപ്പിച്ചാണ് പകര്‍ച്ചവ്യാധി പടരുന്നത് തടയാന്‍ എമിറേറ്റിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുള്ളത്. ആരോഗ്യ സ്ഥാപനങ്ങൾക്ക് ദുബൈ ഹെൽത്ത് അതോറിറ്റി പ്രത്യേക സർക്കുലർ അയച്ച് ആശുപത്രികൾക്ക് ജാഗ്രതക്ക് നിർദേശം നൽകിയിട്ടുണ്ട്. സാംക്രമിക രോഗങ്ങള്‍ക്കെതിരെ ജനങ്ങളോടും ജാഗ്രത പാലിക്കാനും ശുചിത്വം പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധികളുടെ ലക്ഷണങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ അടിയന്തരമായി ആശുപത്രികളില്‍ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണമെന്നും ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
യു.എസിലും യൂറോപ്പിലെ പല രാജ്യങ്ങളിലുമാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഏഷ്യൻ മേഖലയിൽ ഇസ്രായേലിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്പിൽ നിന്ന് വേഗത്തിൽ ആഗോളതലത്തിലേക്ക് രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്ന ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ ജാഗ്രത നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.