ദുബൈ: പുതിയ അധ്യയനവർഷത്തിൽ കൂടുതൽ ഹൈടെക് സ്കൂൾ ബസുകൾ നിരത്തിലിറക്കാൻ ഒരുങ്ങി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). ദുബൈയിലുടനീളമുള്ള 25,000 വിദ്യാർഥികൾക്ക് സ്കൂളിലേക്കും തിരിച്ചും കൂടുതൽ സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. പ്രാദേശികവും അന്താരാഷ്ട്രവുമായ സുരക്ഷാനിലവാരം പാലിച്ചിട്ടുള്ള ഏറ്റവും അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ ബസുകളാണ് ദുബൈ ടാക്സി കോർപറേഷൻ (ഡി.ടി.സി) ഇതിനായി പുറത്തിറക്കുന്നത്.
യാത്ര അവസാനിക്കുമ്പോൾ ഒരു കുട്ടി പോലും ബസിൽ ബാക്കിയില്ലെന്ന് ഉറപ്പുവരുത്താൻ കുട്ടികളുടെ നീക്കം നിരീക്ഷിക്കുന്ന സി.സി കാമറകൾ, അടിയന്തര ഘട്ടങ്ങളിൽ എമർജൻസി മാനേജ്മെന്റ് സെന്ററുമായി ബന്ധപ്പെടാൻ കഴിയുന്ന എമർജൻസി അലർട്ട് സംവിധാനം, ബസുകളുടെ ട്രാക്ക് കൃത്യമായി മനസിലാക്കാൻ സഹായിക്കുന്ന ജി.പി.എസ്, കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കാര്യക്ഷമാക്കുന്നതിനുള്ള റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ.എഫ്.ഐ.ഡി), എൻജിന് തീപിടിച്ചാൽ സ്വമേധയാ അണക്കാനുള്ള സംവിധാനം തുടങ്ങിവയാണ് ബസുകളിൽ ഒരുക്കിയിട്ടുള്ളത്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബസ് ഡ്രൈവർമാർക്ക് ഉയർന്ന നിലവാരത്തിലുള്ള പരിശീലന കോഴ്സുകളുകളും ഡി.ടി.സി സംഘടിപ്പിച്ചിരുന്നു.യാത്രക്കിടെയുണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടാനും പ്രഥമ ചികിത്സ ലഭ്യമാക്കുന്നതിനുമുള്ള പരിശീലനങ്ങളും ഡ്രൈവർമാർക്ക് നൽകിയിരുന്നതായി ഡി.ടി.സി ഡയറക്ടർ അമ്മാർ റാശിദ് അൽ ബ്രെയ്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.