ദുബൈ: സ്കൂൾ തുറക്കുന്ന ദിവസം കുട്ടികളെ സ്കൂളിലയക്കാൻ രക്ഷിതാക്കൾക്ക് അവസരമൊരുക്കുന്നതിന് ജോലി സമയത്തിൽ ഇളവുമായി കൂടുതൽ കമ്പനികളും സ്ഥാപനങ്ങളും. കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന രക്ഷിതാക്കളായ ഫെഡറൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലി സമയത്തിൽ കഴിഞ്ഞ ദിവസം ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ സ്വകാര്യ സ്ഥാപനങ്ങൾ അടക്കം ഇത്തരം ജീവനക്കാർക്ക് സമാനമായ ഇളവ് നൽകിയത്.
അജ്മാൻ എമിറേറ്റിലെ ചില സർക്കാർ ജീവനക്കാർക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അജ്മാൻ സർക്കാറിന്റെ മാനവവിഭവശേഷി വകുപ്പാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ‘ബാക് ടു സ്കൂൾ’ നയത്തിന്റെ ഭാഗമായാണ് ഇളവ് അനുവദിച്ചത്. പുതിയ അക്കാദമിക് വർഷത്തിലെ ആദ്യ ആഴ്ച മുഴുവൻ രാവിലെ വൈകിയെത്താനും നേരത്തെ ഓഫിസിൽനിന്ന് ഇറങ്ങാനും ഇത്തരക്കാർക്ക് അനുമതി ലഭിക്കും.
പുതിയ അക്കാദമിക് വർഷത്തിന്റെ ആദ്യ ദിവസവും ആദ്യ വാരത്തിലും സൗകര്യപ്രദമായ രീതിയിൽ ജോലി സമയം ക്രമീകരിക്കാനാണ് പദ്ധതിയിൽ അവസരം. ആദ്യ ദിവസം കുട്ടികളെ സ്കൂളിൽ എത്തിച്ച ശേഷം രാവിലെ താമസിച്ച് ജോലിക്ക് എത്തുകയോ വൈകീട്ട് നേരത്തേ ഓഫിസിൽനിന്ന് പോവുകയോ ചെയ്യാനാണ് ഫെഡറൽ ജീവനക്കാർക്ക് അനുമതി നൽകിയത്.
രാവിലെയും വൈകീട്ടുമായി രണ്ടു ഘട്ടങ്ങളിലായോ അല്ലെങ്കിൽ ഏതെങ്കിലുമൊരു സമയത്തോ മൂന്നു മണിക്കൂർ നേരത്തേക്ക് മാത്രമാണ് ഇളവ് ലഭിക്കുക മാനേജറിൽനിന്ന് ഇതിനായി അനുമതി വാങ്ങണം.
കുട്ടികളുടെ ബിരുദദാനച്ചടങ്ങിൽ സംബന്ധിക്കുന്നതിനോ രക്ഷാകർതൃയോഗത്തിൽ പങ്കെടുക്കുന്നതിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വിശിഷ്ടവേളകളിൽ സംബന്ധിക്കുന്നതിനോ മൂന്നു മണിക്കൂറിൽ കൂടുതൽ ജോലി സമയത്തിൽ ഇളവ് അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.