അബൂദബി: സഞ്ചാരികളുമായി കൂടുതല്‍ കപ്പലുകള്‍ അബൂദബിയിലെത്തുമെന്ന് അബൂദബി സാംസ്കാരിക, വിനോദ സഞ്ചാരവകുപ്പ്. അബൂദബി ക്രൂയിസ് ടെര്‍മിനലില്‍ ഒരുക്കിയിരിക്കുന്ന കേന്ദ്രത്തില്‍ നിന്ന് സഞ്ചാരികള്‍ക്ക് അബൂദബി സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കും.
പുതുതായി ഏര്‍പ്പെടുത്തിയ ക്രൂയിസ് ക്രൂ പാസ് സൗകര്യം ഉപയോഗിച്ച് കപ്പല്‍ ജീവനക്കാര്‍ക്കും അബൂദബി സന്ദര്‍ശിക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. ഈ പാസ് ഉപയോഗിക്കുന്നതിലൂടെ ഭക്ഷണത്തിനും പാനീയത്തിനും ചില്ലറ വസ്തുക്കള്‍ വാങ്ങുന്നതിനും മറ്റും വലിയ ഇളവുകള്‍ ലഭ്യമാകും. സെപ്റ്റംബര്‍ 11, 12 തീയതികളില്‍ സ്പെയിനിലെ മലാഗയില്‍ നടന്ന സീട്രേഡ് ക്രൂയിസ് മെഡ് 2024 വേദിയിലായിരുന്നു അബൂദബിയുടെ പ്രഖ്യാപനം.
രണ്ടായിരത്തിലേറെ പ്രതിനിധികളും 80ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 175ലേറെ കപ്പല്‍ ജീവനക്കാരുമാണ് സീട്രേഡ് ക്രൂയിസ് മെഡ് 2024 സമ്മേളനത്തില്‍ സംബന്ധിച്ചത്.
എമിറേറ്റിലെ ടൂറിസം മേഖലയില്‍ വരുന്ന ആറുവര്‍ഷംകൊണ്ട് പ്രത്യക്ഷവും പരോക്ഷവുമായി 1,78,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അബൂദബി ടൂറിസം നയം 2030 എന്ന പദ്ധതി നേരത്തേ തയാറാക്കിയിരുന്നു. അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് ആണ് അബൂദബി ടൂറിസം നയം 2030 പ്രഖ്യാപിച്ചത്.
അതിവേഗം വളരുന്ന അന്താരാഷ്ട്ര സന്ദര്‍ശകരുടെ ആഗോള കേന്ദ്രമായി അബൂദബിയെ മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി പ്രതിവര്‍ഷ സന്ദര്‍ശകരുടെ എണ്ണം 393 ലക്ഷമായി ഉയര്‍ത്തുക, 17,80,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, 2030ഓടെ എണ്ണയിതര വരുമാന മേഖലയുടെ മൊത്ത ആഭ്യന്തര ഉല്പാദനത്തിലേക്ക് 9000 കോടി ദിര്‍ഹമിന്റെ സംഭാവന നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നയത്തിന് പിന്നിലുള്ളത്. 2023ല്‍ 240 ലക്ഷം സന്ദര്‍ശകരാണ് അബൂദബിയിലെത്തിയത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വര്‍ധനവാണ് സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായത്. 2023ല്‍ അബൂദബിയുടെ ജി.ഡി.പിയിലേക്ക് 4900 കോടി ദിര്‍ഹം ടൂറിസം മേഖല സംഭാവന നൽകുകയും ചെയ്തു. 2022നെ അപേക്ഷിച്ച് 22 ശതമാനത്തിലേറെ വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.